സ്പ്രിംഗ്ലര്‍ സംബന്ധിച്ച കേസില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടത്തുന്ന ഒളിച്ചുകളിയും പൊള്ളത്തരങ്ങളും തുറന്നുകാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കിയെന്ന ഒറ്റ വാക്ക് പറഞ്ഞ് വിഷയത്തിന്റെ ഗൗരവം കുറയ്ക്കാനും വഴി തിരിച്ചുവിടാനുമാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്തിമ വിധിയെ വളച്ചൊടിച്ച് ഈ വിഷയത്തില്‍ തങ്ങള്‍ക്കേറ്റ പരാജയം മറച്ചുപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ചെന്നിത്തല രേഖകള്‍ സഹിതം വാര്‍ത്താ സമ്മേളനത്തില്‍ തുറന്നുകാട്ടി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോവിഡ് കാലത്തെ അഴിമതികള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് ഇടതുമുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാക്കും. അത് മറച്ചുവെക്കാനാണ് സിപിഎം പെടാപ്പാട് പെടുന്നത്. എന്നാല്‍, വിഷയത്തില്‍ തങ്ങളുടേതായ വ്യാഖ്യാനങ്ങള്‍ നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിനും എല്‍ ഡി എഫ് സര്‍ക്കാരിനും കനത്ത പ്രഹരമായി ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനം.
|
യഥാര്‍ത്ഥത്തില്‍ കേസില്‍ കോടതിയില്‍ നിന്ന് എന്തെങ്കിലും വിധിയോ നിര്‍ദേശമോ വരും മുമ്പ് തന്നെ പണികിട്ടുമെന്ന് മനസിലാക്കിയ പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വമേധയാ തന്നെ സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ പിന്‍വലിച്ച് തടിയൂരിയിരുന്നു. അതുകൊണ്ട് കോടതിയില്‍ പിന്നീട് നടന്നത് സാങ്കേതികമായ വാദങ്ങളും കരാറിലെ നിയമ പ്രശ്‌നങ്ങളുമായിരുന്നു. കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവകുപ്പിന്റെ നിര്‍ദേശം തേടാതെ ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കാതെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ശിവശങ്കരന്‍ നേരെ കരാറിലേക്ക് പോയത് കൃത്യ നിര്‍വഹണത്തിലെ ഗുരുതരമായ വീഴ്ചയാണെന്നാണ് അന്തിമവിധിയില്‍ കോടതി വ്യക്തമാക്കിയത്. ഇനി അത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും കോടതി വിധിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് മറച്ച് വച്ച് കരാര്‍ സ്വമേധയാ സര്‍ക്കാര്‍ തന്നെ വിധി വരും മുമ്പേ റദ്ദാക്കിയതിനാല്‍ അത്തരം നിര്‍ദേശങ്ങള്‍ വിധിയില്‍ വന്നില്ല എന്നത് വച്ചാണ് എം വി ഗോവിന്ദന്‍ സര്‍ക്കാര്‍ നടപടിയെ കോടതി തെറ്റാണെന്ന് പറഞ്ഞില്ല എന്ന് വ്യാഖ്യാനവുമായി വന്നത്.
വിധിയുടെ അന്തസത്ത പരിശോധിച്ചാല്‍ രമേശ് ചെന്നിത്തല പ്രധാനമായി ഉന്നയിച്ച പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഒരു വിദേശ സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കുന്നതിന്റെ അപകടം കോടതിക്ക് കൃത്യമായി ബോധ്യമായിട്ടുണ്ട്. ഈ കരാറിന്റെ ഫയല്‍ നീക്കത്തില്‍ അതുപോലെ റൂള്‍സ് ഓഫ് പ്രൊസീജ്യര്‍, സെക്രട്ടറിയേറ്റ് മാനുവല്‍ എന്നിവയൊന്നും പാലിക്കപ്പെട്ടില്ല എന്നും നിയമവകുപ്പുമായോ ധനകാര്യവകുപ്പുമായോ കൂടിയാലോചിച്ചില്ല എന്നതും കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. കരാര്‍ സര്‍ക്കാര്‍ തന്നെ റദ്ദാക്കിയതുകൊണ്ടും ശേഖരിച്ച ഡാറ്റ സ്പ്രിംഗ്‌ളര്‍ നശിപ്പിച്ചതു കൊണ്ടും ഇനി കേസിന് പ്രസക്തിയില്ല എന്നാണ് കോടതി കണ്ടെത്തിയത്. എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി വിധിയില്‍ പറഞ്ഞതോടെ സര്‍ക്കാര്‍ ചെയ്തത് ശരിയായിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാക്കിയത്.
കേസിലേക്ക് നയിച്ച സാഹചര്യങ്ങള്‍
വന്‍കിട കമ്പനികള്‍ സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പലപ്പോഴും പല ഏജന്‍സികളില്‍ നിന്നാണ്. ഡാറ്റയുടെ എണ്ണവും കൃത്യതയും വച്ച് വന്‍ തുകയാണ് ഇത്തരം കമ്പനികള്‍ ഏജന്‍സികള്‍ക്ക് നല്‍കുന്നത്. ഇവിടെയാണ് കോവിഡ് സമയത്ത് കേരളത്തിലെ ജനങ്ങളുടെ മൊത്തം ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നതിനായി അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളര്‍ തയ്യാറാക്കിയ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനും ഇങ്ങനെ സര്‍ക്കാര്‍ സംവിധാനമുപയോഗിച്ച് ശേഖരിക്കുന്ന ഡാറ്റ മാനേജ് ചെയ്യുന്നതിനായി കമ്പനിയെ ചുമതലപ്പെടുത്താനും തീരുമാനിച്ചത്. വ്യക്തിയുടെ വിവരങ്ങളില്‍ ഏറ്റവും സെന്‍സിറ്റീവ് എന്ന് കരുതപ്പെടുന്ന ഡാറ്റകളില്‍ ഒന്നാണ് ആരോഗ്യ വിവരങ്ങള്‍. വിവരാവകാശ നിയമം പോലും അത്തരം വിവരങ്ങള്‍ വ്യക്തികളുടെ അനുമതിയില്ലാതെ നല്‍കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ്. അവിടെയാണ് സ്പ്രിംഗ്‌ളര്‍ എന്ന വിദേശ കമ്പനിക്ക് കേരളത്തിലെ ജനങ്ങളുടെ മൊത്തം ഡാറ്റ സര്‍ക്കാര്‍ തന്നെ ശേഖരിച്ച് ആധികാരികമായി നല്‍കുന്നത്.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഇതിലെ അപകടം തിരിച്ചറിഞ്ഞ് ഉടന്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയും പൗരന്മാരുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പിക്കുന്നതിലെ കുഴപ്പം മനസിലാക്കി ചെന്നിത്തലയുടെ ഹര്‍ജി ഫയില്‍ സ്വീകരിക്കുകയും ചെയ്തു. പ്രധാനമായും നാലു കാര്യങ്ങളാണ് അന്ന് പ്രതിപക്ഷ നേതാവ് കോടതിയില്‍ ഉന്നയിച്ചത്.
1. വ്യക്തിഗത ഡാറ്റ, അതും വളരെ സെന്‍സിറ്റീവ് ആയ ഹെല്‍ത്ത് ഡാറ്റ ഒരു വിദേശ സ്വകാര്യ കമ്പിനിക്ക് നല്‍കിയത് സ്വകാര്യത ലംഘനമാണ്,
2. ജനങ്ങളുടെ ഇന്‍ഫോമ്ഡ് കണ്‍സെന്റ് ഇല്ലാതെ ഈ ഡാറ്റ ശേഖരിച്ചു.
3. ആവശ്യമായ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് കരാര്‍ ഒപ്പിട്ടത്. ക്യാബിനറ്റിന്റെ അനുമതി പോലും ലഭ്യമാക്കിയിരുന്നില്ല. ഇതിനു പിന്നില്‍ വലിയ അഴിമതിയും തട്ടിപ്പും നടക്കാന്‍ സാധ്യതയുണ്ട്.
4. ഡാറ്റ ചോര്‍ച്ചക്കും, ദുരുപയോഗത്തിനും വലിയ സാധ്യത നിലനില്‍ക്കുന്നു.
5. അതുകൊണ്ട് ഈ കരാര്‍ റദ്ദാക്കുകയും ഡാറ്റ സര്‍ക്കാര്‍ തിരിച്ചെടുക്കുകയും വേണം.
ചെന്നിത്തല കോടതിയെ സമീപിച്ചതിനു പിന്നാലെ കേരളത്തില്‍ ഈ വിഷയം വന്‍ വിവാദം സൃഷ്ടിക്കുകയും സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്നതിന്റെ പേരില്‍ സര്‍ക്കാര്‍ സംവിധാനമായ ആധാറിനെ വരെ എതിര്‍ത്ത ഇടതു പാര്‍ട്ടികള്‍ സ്വന്തം ഭരണത്തില്‍ അതേ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പൊളിറ്റിക്കല്‍ ധാര്‍മികത ചര്‍ച്ചാ വിഷയമാവുകയും ചെയ്തു. കോടതിയില്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സര്‍ക്കാര്‍ അവസാനം രണ്ടു മാസത്തിനുള്ളില്‍ സ്പ്രിംഗ്‌ളറുമായുള്ള കരാര്‍ സ്വമേധയാ റദ്ദാക്കുകയുമാണ് ചെയ്തത്. ഇത്രയുമാണ് അന്ന് നടന്നത്.
കരാര്‍ റദ്ദാക്കണമെന്നും ഡാറ്റ സ്പ്രിംഗ്‌ളറില്‍ നിന്ന് തിരിച്ചെടുക്കണമെന്നും ആയിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം. അത് കോടതി വിധിക്കുമുമ്പേ തന്നെ സര്‍ക്കാര്‍ സ്വമേധയാ ചെയ്തതോടെ ചെന്നിത്തലയുടെ ഈ വിഷയത്തിലെ നിലപാടിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. ഇത് മറച്ചുവച്ചാണ് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ ആദ്യം വാദിച്ചത്. എന്നാല്‍ ചെന്നിത്തല കോടതി വിധിയുമായി പത്ര സമ്മേളനം നടത്തിയതോടെ സര്‍ക്കാരിന് ക്ലീന്‍ ചിറ്റല്ല നല്‍കിയത്, മറിച്ച് ഇത്തരം പരിപാടികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശനമായ താക്കീതാണെന്ന് വ്യക്തമാവുകയും ചെയ്തു.
നിയമസഭ തെരഞ്ഞൈടുപ്പ് അടുക്കുന്നതോടെ കോവിഡ് കാലത്തെ അഴിമതിക്കഥകള്‍ വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് നിലവില്‍ വലിയ പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഇടതു മുന്നണിയെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിയിടുകയാണ്.


