യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗസ്സയിലെ അവസാന കെട്ടിടങ്ങളും പൊളിച്ചടുക്കുന്നതിന് വന്‍തുക വാഗ്ദാനം ചെയ്ത് ഇസ്രായേല്‍. ബുള്‍ഡോസറുകളും മറ്റും കൊണ്ടുവന്ന് ഗസ്സയിലെ മനുഷ്യര്‍ കെട്ടിപ്പൊക്കിയതെല്ലാം പൊളിച്ചടുക്കി ഗസ്സയെ മരുപ്പറമ്പാക്കുകയാണ് ഇവരുടെ ചുമതല. പണത്തിനും മേലെയാണ് ഗസ്സയിലെ കെട്ടിടങ്ങള്‍ പൊളിച്ചടുക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തിയെന്ന് ഇതില്‍ ചില തൊഴിലാളികള്‍ വെളിപ്പെടുത്തിയതായി ഹാരെറ്റ്‌സ് റിപോര്‍ട്ട് ചെയ്യുന്നു.
|
ഇത് കേവലം പണത്തിനുവേണ്ടിയല്ല ഞങ്ങളുടെ പകപോക്കല്‍ കൂടിയാണെന്ന് ഇവര്‍ പറയുന്നു. കെട്ടിടം പൊളിച്ച് പണമുണ്ടാക്കാന്‍ ഗസ്സയിലേക്ക് അനുദിനം നിരവധി ഇസ്രായേല്‍ പൗരന്മാരെത്തുന്നുണ്ട്. ആവശ്യത്തിന് സൈനികരെ ലഭ്യമല്ലാത്തതിനാല്‍ സാധാരണക്കാരുടെ ജീവന്‍ അപകടപ്പെടുത്തിയാണ് ഇസ്രായേല്‍ ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്.
ഹാരെറ്റ്സിനോട് ഒരു തൊഴിലാളി പറയുന്ന കണക്കുകള്‍ നോക്കാം. നിങ്ങള്‍ക്ക് ഒരു 7 ലക്ഷം ഷെക്കല്‍ ഒപ്പിക്കാന്‍ പറ്റുമെന്ന് കരുതുക. ഈ പൈസ കൊണ്ട് സുഖമായി നിങ്ങള്‍ക്കൊരു എക്സ്‌കവേറ്റര്‍ വാങ്ങാന്‍ പറ്റും. ഇത് ഗസയിലെ പൊളിക്കല്‍ വേലകള്‍ക്ക് നല്‍കിയാല്‍ ഇസ്രായേല്‍ സൈന്യം ദിവസം 5000 ഷെക്കല്‍ നല്‍കും. ഇതില്‍ 1000 ഷെക്കല്‍ ആ ഉപകരണം ഓപ്പറേറ്റ് ചെയ്യുന്നയാള്‍ക്ക് നല്‍കണം. ബാക്കി കിട്ടുന്നത് മൊത്തം ലാഭമായിരിക്കും.
ഇസ്രായേലിലെ ഒരു സാധാരണ ഓപ്പറേറ്റര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ഗസയിലെ ഓപ്പറേറ്റര്‍ക്ക് ലഭിക്കും. എന്നാല്‍ ഇങ്ങോട്ട് പോകാന്‍ ഓപ്പറേറ്റര്‍മാരെ കിട്ടാന്‍ പാടാണ്. കാരണം അത് നല്ല റിസ്‌കുള്ള പണി തന്നെയാണ്.
പൈസയുണ്ടാക്കാന്‍ ഗസയിലേക്ക് പോകാന്‍ ആലോചിക്കുന്ന ഓപ്പറേറ്റര്‍മാരെയെല്ലാം ജൂലൈ 9ന് ഗസയില്‍ കൊല്ലപ്പെട്ട എബ്രഹാം അസുലൈ എന്ന ഓപ്പറേറ്ററുടെ മുഖം നിരുത്സാഹപ്പെടുത്തും. എങ്കിലും ഈ പൊളിക്കല്‍ ഒരുപാട് ആസ്വദിക്കുന്ന നിരവധി ഓപ്പറേറ്റര്‍മാരുണ്ട്.
ഗസയിലെ മനുഷ്യര്‍ അധ്വാനിച്ചുണ്ടാക്കിയ വീടുകള്‍ പൊളിക്കുന്ന ജോലി ആദ്യമാദ്യം ചെയ്തിരുന്നത് പൈസയ്ക്ക് വേണ്ടിയായിരുന്നെങ്കില്‍ പിന്നീടത് പകവീട്ടലിന്റെ ലഹരിയായി മാറിയതായി നിരവധി ഓപ്പറേറ്റര്‍മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഗസയിലെ പൊളിക്കല്‍ ആസ്വദിക്കുന്ന ഇത്തരം നിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ലഭ്യമാണ്.
ഗസയില്‍പ്പോയി പണമുണ്ടാക്കാനുള്ള ആലോചനകളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന അപകടസാധ്യതകളുമാണ് ഇസ്രായേലി ഹെവി-എക്വിപ്‌മെന്റ് ഓപ്പറേറ്റര്‍മാരുടെ ഈയടുത്ത കാലത്തെ പ്രധാന ചര്‍ച്ചാവിഷയം. ഗസയിലെ ജോലിയ്ക്ക് പ്രത്യേക നിയമങ്ങളൊന്നുമില്ല. കുറച്ച് സമയത്തിനുള്ളില്‍ പരമാവധി കെട്ടിടങ്ങള്‍ പൊളിച്ചടുക്കുക എന്നത് മാത്രമാണ് ഇസ്രായേലി സൈന്യം ഈ ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കുന്ന ഒരേയൊരു നിര്‍ദേശം.
ഗസയില്‍ എത്തുന്നവര്‍ക്ക് കമ്പനി ഫോണ്‍, താമസിക്കാന്‍ നല്ല അപ്പാര്‍ട്ട്‌മെന്റ് മുതലായവയും ലഭിക്കും. പൊളിക്കുന്ന ഓരോ വീടിനുമാണ് പൈസ ലഭിക്കുന്നത്. നന്നായി അധ്വാനിച്ച് പൊളിച്ചാല്‍ പ്രതിമാസം 30,000 ഷെക്കല്‍ അതായത് ഏകദേശം 7,71000 രൂപ വരെ വാരാമെന്നാണ് ഓപ്പറേറ്റര്‍മാര്‍ പറയുന്നത്.
മൂന്ന് നിലകളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് പൊളിക്കുന്നതിന് 2500 ഷെക്കല്‍ വരെ നേടുന്നവരുണ്ട്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 5 മണിവരെയേ പണി കാണൂ. ഭക്ഷണവും താമസവും തികച്ചും സൗജന്യവുമായിരിക്കും.
യുദ്ധഭൂമിയാണെന്നത് മാത്രമല്ല ഈ ജോലിയിലെ റിസ്‌ക്. വന്‍ കെട്ടിടങ്ങള്‍ തകര്‍ക്കുക എന്നത് ചില്ലറ കാര്യമല്ല. ചിലപ്പോള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കേണ്ടതായും വരും. അതിനിടയില്‍ പോരാളികളുടെ ഒളിയാക്രമണങ്ങളും കുഴിബോംബുകളും നേരിടേണ്ടി വരും.
ആര്‍മിയുടെ ഹെവി വാഹനങ്ങളുടേത് പോലുള്ള സുരക്ഷാ സംവിധാനങ്ങളൊന്നും വാടകയ്‌ക്കെടുത്ത ഇത്തരം ഹെവി എക്വിപ്‌മെന്റുകള്‍ക്കുണ്ടാകില്ല. സുരക്ഷാ കവചങ്ങളോ ആര്‍മിയുടെ പൂര്‍ണമായ സംരക്ഷണമോ പോലുമില്ലാതെയാണ് ഇവര്‍ പൊളിക്കല്‍ ജോലികള്‍ ചെയ്യേണ്ടത്.


