തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.(SSLC question paper leaked; Is YouTube channel MS Solutions behind it? Government launches investigation) പ്ലസ് വണ്‍ കണക്കുപരീക്ഷയുടെയും എസ്എസ്എല്‍സി ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്.
|
ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പ്രതികരിച്ചു. യഥാര്‍ത്ഥ ചോദ്യ പേപ്പറിലെ അതേ ചോദ്യങ്ങള്‍ പ്രവചനം എന്ന രീതിയില്‍ പുറത്തുവിട്ട എംഎസ് സൊലൂഷന്‍സ് ഉള്‍പ്പെടെയുള്ള യുട്യൂബ് ചാനലുകളും അന്വേഷണ പരിധിയില്‍ വരും.
‘കുപ്രസിദ്ധിയാണ് പ്രതികള്‍ക്ക് ഇതിലൂടെ ലഭിക്കുക. വിഷയം അതീവ ഗൗരവമായി കാണും. ചില വിഷയങ്ങളിലെ പേപ്പറുകളാണ് കൂടുതല്‍ പുറത്തുപോകുന്നത്. ആ വിഷയങ്ങളിലെ അധ്യാപകരുടെ താല്‍പര്യം എന്തെന്ന് പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന്റെ മെച്ചപ്പെട്ട ശമ്പളം വാങ്ങി കുട്ടികളെ പഠിപ്പിക്കേണ്ടവര്‍ ഈ നിലയില്‍ സ്വകാര്യ കച്ചവട കമ്പനികളുമായി ബന്ധപ്പെട്ട് വഞ്ചനാപരമായ നിലപാട് സ്വീകരിച്ചാല്‍ വച്ചുപൊറുപ്പിക്കില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
ALSO READ: മെക്7ന് പിന്നില്‍ ആര്? എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി റിപോര്‍ട്ട്
സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ഡിജിപിക്കും സൈബല്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ ചോദ്യപേപ്പര്‍ പുറത്തുപോകില്ലെന്നും മന്ത്രി പറഞ്ഞു.
ചോദ്യപേപ്പറിലെ ചോദ്യങ്ങളുടെ മാതൃക എംഎസ് സൊല്യൂഷന്‍സ് എന്ന യൂട്യൂബ് ചാനലിലാണ് പരീക്ഷയുടെ തലേന്ന് അപ്ലോഡ് ചെയ്തത്. എങ്ങനെ ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ ഇവര്‍ക്ക് കിട്ടി എന്നതില്‍ ഒരു വ്യക്തതയില്ല. 90 ശതമാനം ചോദ്യങ്ങളും ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററാണ് .എംഎസ് സൊല്യൂഷന്‍സ്. സംഭവം വിവാദമായതിനെ തുടര്‍ന്ന് എംഎസ് സൊല്യൂഷന്‍സിന്റെ ഓഫീസ് ഇന്ന് തുറന്നില്ല. ചോദ്യ പേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് കെഎസ്‌യു, എസ്എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി.
അതേ സമയം, ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് എംഎസ് സൊലൂഷന്‍സ് സിഇഒ ശുഹൈബ് വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളാണ് ആരോപണത്തിന് പിന്നില്‍. എംഎസ് സൊല്യൂഷന്‍സിന്റെ സാന്നിധ്യം മൂലം അവര്‍ക്ക് ആയിരക്കണക്കിന് അഡ്മിഷനുകള്‍ നഷ്ടപ്പെട്ടു. അതിന്റെ പ്രതികാരമാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.


