22
Aug 2025
Fri
22 Aug 2025 Fri
step mother and father arrested for assaulting class four girl

ആലപ്പുഴ: നാലാം ക്ലാസുകാരി നോട്ട് ബുക്കിന്റെ താളുകളില്‍ കുറിച്ച വരികള്‍ കണ്ട് അധ്യാപകര്‍ ഞെട്ടി. ‘എനിക്ക് അമ്മയില്ല കേട്ടോ. എനിക്ക് രണ്ടാനമ്മയാണ്. സ്‌കൂളില്‍ എന്റെ പ്ലേറ്റ് പൊട്ടി.. വേറെ പ്ലേറ്റ് ചോദിച്ചതിന് ഉമ്മിയെന്റെ മുഖത്തടിച്ചു. എന്റെ വാപ്പിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്. വിഷം തന്ന് കൊല്ലുമെന്നാണ് വാപ്പി പറയുന്നത്’- വീട്ടില്‍ അവളനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള കുറിപ്പ് അങ്ങിനെ നീളുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലാംക്ലാസ് വിദ്യാര്‍ഥിനിക്കേറ്റ പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടിയ മര്‍ദനം സ്‌കൂള്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നൂറനാട് പോലീസ് കേസെടുത്തു. പിതാവ് ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവര്‍ക്കെതിരേയാണ് കേസ്.

ALSO READ: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി; പാക് ക്രിക്കറ്റ് താരം അറസ്റ്റില്‍

ആദിക്കാട്ടുകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ബുധനാഴ്ച രാവിലെ സ്‌കൂളിലെത്തിയ കുട്ടിയുടെ മുഖത്തുള്‍പ്പെടെ മര്‍ദിച്ചതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം അന്വേഷിച്ചപ്പോഴാണ് ക്രൂരമര്‍ദനത്തിന്റെ വിവരങ്ങള്‍ കുട്ടി പറഞ്ഞത്. പിന്നാലെയാണ് വീട്ടില്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ച് എന്റെ അനുഭവം എന്ന തലക്കെട്ടില്‍ എഴുതിയ കത്ത് ബുക്കില്‍നിന്നു ലഭിച്ചത്.

തുടര്‍ന്ന്, അധ്യാപകര്‍ മാതാപിതാക്കളെ വിളിച്ചെങ്കിലും എത്തിയില്ല. പിന്നീട് കുട്ടിയുടെ അപ്പൂപ്പനെയും അമ്മൂമ്മയെയും സ്‌കൂളിലേക്കു വരുത്തുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. അധ്യാപകരുടെ മൊഴിയെടുത്ത് പോലീസ് കേസെടുത്തു. കുട്ടിക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കുട്ടിയെ പ്രസവിച്ച് ഏഴുദിവസം കഴിഞ്ഞപ്പോള്‍ മാതാവ് മരിച്ചു. തുടര്‍ന്നാണ് പിതാവ് രണ്ടാംവിവാഹം കഴിച്ചത്. ഒരുമാസം മുന്‍പും രണ്ടാനമ്മ ക്രൂരമായി മര്‍ദിച്ചിരുന്നതായി കുട്ടി പറയുന്നു.