|
കോഴിക്കോട് : കേരളത്തിൽ റോക്കറ്റ് പോലെ കുതിച്ചുയർന്ന വെളിച്ചെണ്ണ വില പിടിച്ചു നിർത്താനും കുറയ്ക്കാനും നടപടി. വിലയില്‍ കുറവ് വരുത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. വ്യവസായികളുമായി നടത്തിയ ചര്‍ച്ചയിലാണ് വില കുറയ്ക്കാന്‍ നടപടിയായത്. വില വര്‍ധിക്കുന്നത് സാധാരണക്കാരെ വലിയ ബുദ്ധിമുട്ടിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ യോഗം സര്‍ക്കാര്‍ വിളിച്ചത്.
വ്യവസായ മന്ത്രി പി. രാജീവിന്റെയും മന്ത്രി അനിലിന്റേയും സാന്നിധ്യത്തില്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ അമിത ലാഭം ഒഴിവാക്കി വെളിച്ചെണ്ണ വിപണിയിലേക്ക് എത്തിക്കാമെന്ന് വ്യവസായികള്‍ ഉറപ്പു നല്‍കുകയായിരുന്നു. അറുപതോളം വ്യവസായികള്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവിൽ കേരളത്തിൽ ഒരു ലിറ്റര്‍ വെളിച്ചെണ്ണയക്ക് 500 രൂപയ്ക്ക് മുകളിലാണ് വില. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ നടത്തുന്ന ടെണ്ടറില്‍ വ്യവസായികള്‍ക്ക് കുറഞ്ഞ നിരക്കില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കും. ഇത് വഴി വിപണിയിലെ വില കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്ലൈക്കോക്ക് കുറഞ്ഞ നിരക്കില്‍ വെളിച്ചെണ്ണ നല്‍കുന്ന വ്യവസായികള്‍ക്ക് 15 ദിവസത്തിനകം തുക നല്‍കുമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി. സപ്ലൈകോയില്‍ നിന്നുള്ള വെളിച്ചെണ്ണയുടെ വില കുറയുന്നതിനനുസരിച്ച് വിപണിയിലാകെ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അനില്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) പി. വിഷ്ണുരാജ്, സംസ്ഥാനത്തെ വെളിച്ചെണ്ണ വ്യവസായികള്‍ തുടങ്ങിയവര്‍ ആണ് പങ്കെടുത്തത്.
Steps taken to reduce the price of coconut oil in kerala


