23
Sep 2022
Wed
23 Sep 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: കേന്ദ്രസർക്കാരും ബിജെപി പ്രാദേശിക ഭരണകൂടങ്ങളും നടപ്പാക്കിയ ബുൾഡോസർ രാജിനെതിരെ വമ്പൻ പ്രതിഷേധവുമായി ഇരകളായ കുടുംബങ്ങൾ. ‍ഡൽഹി ജന്തർമന്തറിലാണ് അടുത്തിടെ നടന്ന വീടുതകർക്കൽ നടപടിയുടെ ഇരകളായ നൂറുകണക്കിന് കുടുംബങ്ങൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. തങ്ങളുടെ വീടുകൾ തകർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പുനരധിവസിപ്പിക്കാൻ യാതൊരു ശ്രമങ്ങളും അധികൃതരിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.

 

മസ്ദൂർ ആവാസ് സംഘർഷ് സമിതിയും (എംഡബ്ല്യുഡബ്ല്യുഎസ്) ഓൾ ഇന്ത്യ സെൻട്രൽ കൗൺസിൽ ഓഫ് ട്രേഡ് യൂണിയനൻസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. ആയിരക്കണക്കിന് കുടുംബങ്ങളെ നിർബന്ധിതമായി കുടിയൊഴിപ്പിച്ചതിൽ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ)യ്ക്കും ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിനും (ഡിയുഎസ്ഐബി) എതിരെ രൂക്ഷ വിമർശനവുമായി പ്രതിഷേധക്കാർ രം​ഗത്തെത്തി.

 

ബുൾഡോസർ രാജ് ബന്ദ് കരോ (ബുൾഡോസർ രാജ് നിർത്തുക) എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. ഒപ്പം കൈയേറ്റത്തിന്റെ പേരിൽ വിദ്വേഷ അന്തരീക്ഷം സൃഷ്ടിച്ചതിനും തൊഴിലാളി വർഗത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നതിലും ബിജെപിക്കെതിരെയും പ്രതിഷേധക്കാർ രം​ഗത്തെത്തി.

 

ഗ്യാസ്പൂർ ബസ്തി, സരായ് കാലേ ഖാൻ, ജഹാംഗീർപുരി എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളാണ് പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഇവർക്കൊപ്പം, അനധികൃത കൈയേറ്റം ആരോപിച്ച് ഭൂമി ഒഴിയൽ നോട്ടീസ് ലഭിച്ചതോടെ ആശങ്കയിലായ നഗരത്തിലെ മറ്റ് ചേരികളിലെ കുടുംബങ്ങളും ഉൾപ്പെടുന്നു. നഗരത്തിലെ ചേരി പുനരധിവാസ പ്രശ്‌നത്തിന് പരിഹാരം കാണാത്തതും ഏകീകൃത പുനരധിവാസ നയം രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിലും ഏജൻസികൾക്കെതിരെയും വിമർശനം ശക്തമാണ്.

 

കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൽ കേന്ദ്രവും ഡൽഹി സർക്കാരും അർധമനസേ കാണിക്കുന്നുള്ളൂ എന്ന് സാമൂഹിക പ്രവർത്തകർ ആരോപിക്കുന്നു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) യുടെ ഉടമസ്ഥതയിലുള്ളതാണ് തലസ്ഥാനത്തെ 80 ശതമാനം ചേരീ ഭൂമിയും. ബാക്കി ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡിന്റെ (ഡിയുഎസ്ഐബി) ഉടമസ്ഥതയിലാണ്.

 

സമ്പൂർണ പുനരധിവാസമില്ലാതെ കുടിയൊഴിപ്പിക്കൽ പാടില്ലെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രകടനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ സംഘടനകൾ ആവശ്യപ്പെട്ടു. നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾക്കു പകരം ബുൾഡോസർ ഉപയോഗിച്ച് വീടുകൾ തകർക്കുന്ന പ്രവണതയെ അവർ അപലപിച്ചു.

 

കോവിഡ് ആരംഭിച്ചതിന് ശേഷം കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബത്തെ പോലും പുനരധിവസിപ്പിച്ചിട്ടില്ലെന്ന് എംഡബ്ല്യുഡബ്ല്യുഎസ് നേതാവായ നിർമൽ ഗൊറാന പറഞ്ഞു. നഗരത്തിലെ വിവിധ ഭൂമിയുടമാ ഏജൻസികൾക്കും വ്യത്യസ്ത നയങ്ങളാണ്. ഇവരൊന്നും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ കാര്യമായ ശ്രമങ്ങളൊന്നും നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

2015ലെ ഡിയുഎസ്ഐബിയുടെ ഡൽഹി ചേരിപുനരധിവാസ നയം അനുസരിച്ച്, 700ഓളം ചേരി ക്ലസ്റ്ററുകൾക്ക് പുനരധിവാസത്തിന് അർഹതയുണ്ട്. ഡിയുഎസ്ഐബി 2015ലെ നയമനുസരിച്ച് പുനരധിവാസത്തിന് അർഹമായ ചേരികളെ കണ്ടെത്തുന്നതിന് പുതിയ സർവേകൾ നടത്തണമെന്ന് ഗൊറാന ആവശ്യപ്പെട്ടു. നിലവിൽ തലസ്ഥാനത്തെ ചേരി പുനരധിവാസം ഉത്തരംകിട്ടാത്ത ഒരു ചോദ്യചിഹ്നമായി തുടരുകയാണ്.‌

 

അടുത്തിടെ, ഹനുമാൻ ജയന്തി ഘോഷയാത്രയെത്തുടർന്ന് വർഗീയ സംഘർഷത്തിന് സാക്ഷ്യം വഹിച്ചതിനു പിന്നാലെ കൈയേറ്റം ആരോപിച്ച് ഏപ്രിലിൽ ജഹാംഗീർപുരിയിൽ മുൻ നോർത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ കലാപ ഇരകളായ മുസ്‌ലിംകളുടെ വീടുകൾ ബുൾഡോസർ ഉപയോ​ഗിച്ച് പൊളിച്ചുനീക്കിയത് രാജ്യവ്യാപക പ്രതിഷേധത്തിനും വിമർശനത്തിനും ഇടയാക്കിയിരുന്നു.