ന്യൂഫൗണ്ട്‌ലാന്‍ഡ് : ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി ആളുകളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പല്‍ കാണാതായി. കപ്പല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു. ന്യൂഫൗണ്ട്‌ലാന്‍ഡ് തീരത്ത് തിങ്കളാഴ്ച തിരച്ചില്‍ നടത്തിയതായും തിരച്ചില്‍ തുടരുകയാണെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കാണാതായ മുങ്ങിക്കപ്പല്‍ തങ്ങളുടെ ഉടമസ്ഥതയിലാണെന്ന് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് സ്ഥിരീകരിച്ചു. ”ഞങ്ങള്‍ ക്രൂവിനെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്” കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
|
ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സബ്മെര്‍സിബിളില്‍ മറ്റ് ജോലികള്‍ ചെയ്യുന്നതിനും വേണ്ടിയാണ് ക്രൂ അംഗങ്ങള്‍ ഉള്ളത്. പെയ്ഡ് ടൂറിസ്റ്റുകള്‍ക്ക് ഒരാള്‍ക്ക് 2,50,000 ഡോളറാണ്(രണ്ട് കോടി) ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിന് സബ്മറൈനില്‍ യാത്ര ചെയ്യുന്നതിനായി ചിലവ് വരുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള ടൂറിസം പര്യവേഷണത്തിലെ ഒരു അന്തര്‍വാഹിനി തെക്കുകിഴക്കന്‍ കാനഡയുടെ തീരത്ത് കാണാതായതായി എന്നാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്വകാര്യ കമ്പനി അറിയിച്ചത്. എത്ര പേരെ കാണാതായിട്ടുണ്ടെന്നത് സംബന്ധിച്ച് വ്യക്തതയില്ല.


