ഇനിയൊരിക്കലും കാണാന്‍ കഴിയില്ലെന്ന് കരുതിയ അനിയത്തിയെ 15 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു കിട്ടിയപ്പോള്‍ മഞ്ജു സന്തോഷത്താല്‍ വിതുമ്പി. പഴയ കഥകള്‍ പറഞ്ഞ് വിതുമ്പി, ‘അമ്മായെ കാണണമെന്ന് വാശിപിടിച്ച് കരഞ്ഞ് പാട്ടിക്കൊപ്പം വീട്ടില്‍ നിന്നിറങ്ങിയതാ നീ, പിന്നെ ഞാനും പാട്ടിയും എവിടെയെല്ലാം അന്വേഷിച്ചുവെന്നറിയുമോ, അവസാനം എന്റെ പ്രാര്‍ഥന സഫലമായല്ലോ’ – അനിയത്തി സുഹാസിനിയെ ചേര്‍ത്ത് പിടിച്ച് മഞ്ജു കണ്ണുനീര്‍ വാര്‍ത്തു.
|
ഈ കൂടിക്കാഴ്ച കാണാന്‍ പാട്ടിയും അമ്മായും ഉണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞ മഞ്ജുളയുടെ വാക്കുകള്‍ മുറിഞ്ഞു. നാളുകളായ താന്‍ അന്വേഷിച്ച് കൊണ്ടിരുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തിയതിന്റെ തിളക്കമായിരുന്നു സുഹാസിയുടെ കണ്ണില്‍. പറക്കമുറ്റാത്ത പ്രായത്തില്‍ രണ്ടു ധ്രുവങ്ങളിലേക്ക് എടുത്തെറിയപ്പെട്ട സഹോദരിമാരുടെ പുനഃസമാഗമം കോഴിക്കോട് മഹിളാ മന്ദിരത്തിലും അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയാക്കി. ഇവരുടെ സന്തോഷത്തില്‍ പങ്കാളിയാവാന്‍ തമിഴ്‌നാട്ടിലെ ജോലി സ്ഥലത്തുനിന്ന് സഹോദരന്‍ ചന്ദ്രനും വിഡിയോകോളില്‍ എത്തി.
സുഹാസിനിയുടെ ബന്ധുക്കളെക്കുറിച്ചുള്ള അന്വേഷണം ദൗത്യമായി ഏറ്റെടുത്ത പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ കെ.ടി. നൗഷാദിനൊപ്പമാണ് മഞ്ജുള ചൊവ്വാഴ്ച ഉച്ചയോടെ മഹിളാമന്ദിരത്തിലെത്തിയത്. കോഴിക്കോട് മഹിളാ മന്ദിരത്തില്‍ താമസിക്കുന്ന സുഹാസിനി മാതാപിതാക്കളെയും സഹോദരങ്ങളെയും തേടുന്നുവെന്ന വാര്‍ത്ത ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത കണ്ട് തന്റെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും സഹായത്തോടെ നൗഷാദ് നടത്തിയ അന്വേഷണമാണ് പുനസമാഗമത്തിന് വഴിയൊരുക്കിയത്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട നൗഷാദ് അവിടെ വച്ച് തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് വരുന്ന തീര്‍ഥാടകരെയെല്ലാം പത്രകട്ടിങ്ങും സുഹാസിനിയുടെ ഫോട്ടോയും കാണിച്ച നൗഷാദ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സുഹാസിനിയുടെ പിതാവിനെക്കുറിച്ചും സഹോദരിയെക്കുറിച്ചും വിവരം ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ കടലൂരിലെ കുടുംബവീട്ടില്‍നിന്ന് മലപ്പുറം താനൂരില്‍ താമസിക്കുന്ന മാതാവിനെ കാണാന്‍ പാട്ടിക്കൊപ്പം കേരളത്തിലെത്തിയപ്പോള്‍ തിരൂരില്‍വെച്ചാണ് സുഹാസിനിയെ കാണാതായതെന്ന് മഞ്ജുള പറഞ്ഞു.
കുട്ടിയെകണ്ട പൊലീസ് ശിശുക്ഷേമ സമിതിയെ ഏല്‍പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം, വേങ്ങരയിലെ റോസ് മനാര്‍ ചില്‍ഡ്രന്‍സ് ഹോം, കോഴിക്കോട് ആഫ്റ്റര്‍ കെയര്‍ ഹോം എന്നിവിടങ്ങളില്‍ കഴിഞ്ഞാണ് വെള്ളിമാട്കുന്ന് മഹിളാ മന്ദിരത്തിലെത്തിയത്. ഇപ്പോള്‍ പ്രഫഷനല്‍ കോഴ്‌സിന് പഠിക്കുന്ന സുഹാസിനി കുടുംബത്തെക്കുറിച്ചറിയണമെന്ന ആഗ്രഹം മഹിളാ മന്ദിരം സൂപ്രണ്ട് നാരായണിയോടും മാട്രണ്‍ രമ്യയോടും പങ്കുവെക്കുകയായിരുന്നു.
എന്നാല്‍, എട്ടുവര്‍ഷം മുമ്പ് താന്‍ സഹോദരിയെത്തേടി കോഴിക്കോട്ടെത്തിയിരുന്നുവെന്നും അന്ന് നിരാശയായിരുന്നു ഫലമെന്നും മഞ്ജുള പറഞ്ഞു. ഊട്ടിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് മഞ്ജുള. തങ്ങള്‍ക്ക് ലഭിക്കാത്ത വിദ്യാഭ്യാസം അനിയത്തിക്ക് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവര്‍. ഇവരുടെ മാതാവ് പാഞ്ചാലി രണ്ടുവര്‍ഷം മുമ്പും പാട്ടി ആറുമാസം മുമ്പും മരിച്ചു. സഹോദരനെയും കൂട്ടി ഇടക്കിടെ കാണാന്‍ വരാമെന്ന് ഉറപ്പുനല്‍കിയാണ് മഞ്ജുള മടങ്ങിയത്. എന്നെങ്കിലും കുടുംബത്തെ കണ്ടെത്തണമെന്ന് ആഗ്രഹമുള്ള സുഹാസിനി 2010ല്‍, തന്നെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോള്‍ പത്രങ്ങളില്‍ വന്ന വാര്‍ത്താ കട്ടിങ്ങുകളും ശേഖരിച്ചുവെച്ചിരുന്നു.



