25
Feb 2025
Tue
25 Feb 2025 Tue
MADANI MASJID DEMOLITION UP

ന്യൂഡല്‍ഹി: കുശിനഗറിലെ മദനി മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചുമാറ്റിയ നടപടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. (Supreme Court against demolition of Madani Masjid; warns UP government ) അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുതിയ ഉത്തരവ് പുറപ്പെടുവിക്കും വരെ മസ്ജിദില്‍ കൂടുതല്‍ പൊളിക്കല്‍ നടപടി സ്വീകരിക്കരുതെന്ന് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.ജി മസീഹ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പൊളിക്കല്‍ നടപടിക്ക് മുമ്പ് ബന്ധപ്പെട്ട കക്ഷിക്ക് രേഖാമൂലം അറിയിപ്പ് നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നുവെന്നും എന്നാല്‍, ഇത് പാലിക്കാതെയാണ് മസ്ജിദിന്റെ ഒരുഭാഗം പൊളിച്ചതെന്നുമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

ALSO READ: സെലക്ഷന്‍ കമ്മിറ്റിയില്‍ രാഹുല്‍ ഗാന്ധി എതിര്‍ത്തെങ്കിലും അമിത് ഷായുടെ അടുപ്പക്കാരന്‍ ഗ്യാനേഷ് കുമാറിനെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു

സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ഹരജിക്കാര്‍ ബോധ്യപ്പെടുത്തി. 1999ലെ ഉത്തരവ് പ്രകാരം മുനിസിപ്പല്‍ അധികാരികളുടെ അനുമതിയോടെയാണ് നിര്‍മാണം നടന്നത്. എന്നാല്‍, അനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും 2006 ഫെബ്രുവരി 12ലെ ഹൈകോടതി ഉത്തരവ് പ്രകാരം അന്തിമ തീരുമാനം മാറ്റിവെച്ചു. അതിനാല്‍, അനുമതി ഇപ്പോഴും നിലവിലുണ്ട് -ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

അടിസ്ഥാന പരാതി പ്രകാരം സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തില്‍ മുനിസിപ്പല്‍ അധികൃതര്‍ അനുമതി നല്‍കിയ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നിര്‍മാണം നടത്തിയതെന്ന് കണ്ടെത്തി. അതേസമയം, അനുമതിയില്ലാതെ നിര്‍മാണം നടത്തിയ ഭാഗങ്ങള്‍ ഹരജിക്കാര്‍ തന്നെ നീക്കം ചെയ്യുകയും ചെയ്തു.

അതിനാല്‍, ഉത്തരവ് ധിക്കരിച്ച് മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിച്ചത് കോടതി പുറപ്പെടുവിച്ച നിര്‍ദേശങ്ങളെ അവഹേളിക്കുന്നതാണ്. അതുകൊണ്ട്, പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

നടപടി സംബന്ധിച്ച് രണ്ടാഴ്ചക്കകം മറുപടി നല്‍കണം. കൂടാതെ, പുതിയ ഉത്തരവ് പുറപ്പെടുവിക്കും വരെ മസ്ജിദിന്റെ ഭാഗങ്ങള്‍ പൊളിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നിര്‍മാണ അനുമതി വാങ്ങിയ ശേഷമാണ് നിര്‍മാണം നടത്തിയതെന്ന് റിപ്പോര്‍ട്ട് നല്‍കിയ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനെ മസ്ജിദിന്റെ ഭാഗം പൊളിക്കാന്‍ പൊലീസും അധികൃതരും എത്തുന്നതിന് മുമ്പ് സ്ഥലംമാറ്റിയെന്ന് ഹുസേഫ അഹമ്മദി കോടതിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ, പ്ലാനില്‍ ഉള്‍പ്പെടാതെ നിര്‍മിച്ച ഭാഗങ്ങള്‍ ഹരജിക്കാര്‍ തന്നെ പൊളിച്ചു നീക്കിയിരുന്നതായും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഈ വാദം പരിഗണിച്ചാണ് യു.പി അധികൃതര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.

ഫെബ്രുവരി ഒമ്പതിനാണ് അനധികൃത നിര്‍മാണമെന്ന് ആരോപിച്ച് കുശിനഗറിലെ മദനി മസ്ജിദിന്റെ ഒരു ഭാഗം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. മസ്ജിദിനെതിരെ നടപടി സ്വീകരിക്കുന്നത് ഫെബ്രുവരി എട്ട് വരെ ഹൈകോടതി തടഞ്ഞിരുന്നു. എന്നാല്‍, സ്റ്റേ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിന് പിന്നാലെ ഫെബ്രുവരി ഒമ്പത് ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് മൂന്നു നിലയുള്ള പള്ളി പൊളിച്ചുനീക്കാന്‍ തുടങ്ങിയത്.