01
Jul 2024
Mon
01 Jul 2024 Mon
Kavad Yatra

ന്യൂഡല്‍ഹി: യു.പിയിലെ ഹൈന്ദവ ആഘോഷമായ കാവടി യാത്രാ വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന യു.പി സര്‍ക്കാറിന്റെ ഉത്തരവിന് സുപ്രിംകോടതി സ്‌റ്റേ.(Supreme Court banned Yogi government’s decision regarding Kavad Yatra)  കട ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കച്ചവടക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള യുപി സര്‍ക്കാര്‍ നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഉത്തരവ്. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. വിഷയം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നത്. ഹിറ്റ്‌ലറുടെ നാസി ജര്‍മനിയെ ഓര്‍മിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലടക്കം ശക്തമായ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് ഇന്ന്, യു.പി സര്‍ക്കാറിന്റ വിവാദ ഉത്തരവ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയില്‍ ഹാരിസ് ബീരാന്‍, പി. സന്തോഷ് കുമാര്‍ എന്നിവര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റൊറന്റുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്‍ കടക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്‍ മുസഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു. യാത്ര പോകുന്ന വഴിയില്‍ മാംസാഹാരം വില്‍ക്കരുതെന്നും ഉത്തരവുണ്ടായിരുന്നു.

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശിലെ ഉജ്ജയിനിലും ഉത്തരാഖണ്ഡിലും സമാന ഉത്തരവ് നല്‍കിയിരുന്നു. ഹോട്ടലുടമകളുടെ പേരും മൊബൈല്‍ നമ്പറും സ്ഥാപനത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കണമെന്നും ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴ ചുമത്തുമെന്നുമായിരുന്നു ഉത്തരവ്.