ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍; 35 മത്തെ തവണയും മാറ്റിവയ്ക്കുമോ?
|
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതി ചേർക്കപ്പെട്ട എസ്.എൻ.സി ലാവ്‌ലിൻ കേസിൽ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഉജ്ജൽ ഭുവിയാൻ എന്നിവരടങ്ങുന്ന മൂന്നംഗ സുപ്രീംകോടതി ബെഞ്ച് മുമ്പാകെയാണ് ഹരജിയുള്ളത്.
കഴിഞ്ഞ മാസം കേസ് പരിഗണനയ്ക്ക് വന്നുവെങ്കിലും എസ്.വി രാജു മറ്റൊരു കേസിന്റെ തിരക്കിലായതിനാൽ കേസ് മാറ്റുകയായിരുന്നു. സി.ബി.ഐക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറലാണ് എസ് വി രാജു. ആറു വർഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയിൽ എത്തിയത്. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ തുടങ്ങിയ സ്ഥലങ്ങളിലെ ജല വൈദ്യുത പദ്ധതികളുടെ നവീകരണം സംബന്ധിച്ച് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ എന്ന കമ്പനിയുമായാണ് അന്ന് കരാറുണ്ടാക്കിയത്. എന്നാൽ ഈ കരാറിൽ ക്രമക്കേടുണ്ടെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം വന്നുവെന്നുമാണ് കേസിനാധാരം.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





