ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ഇ അബൂബക്കറിനെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന് മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ സുപ്രിം കോടതി ഉത്തരവ്. (Supreme Court Directs Examination Of Ex-Chief Of Popular Front At AIIMS) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനാണ് കോടതി നിര്‍ദേശം നല്‍കിയത്.
|
അര്‍ബുദ രോഗബാധിതനായ ഇ അബൂബക്കറിനെ രണ്ട് ദിവസത്തിനകം എയിംസില്‍ എത്തിച്ച് പരിശോധിക്കാന്‍ ജസ്റ്റിസുമാരായ എ എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. പരിശോധനാ സമയത്ത് മകനെ ഒപ്പം നില്‍ക്കാന്‍ അനുദിക്കണമന്ന ആവശ്യം സുപ്രിം കോടതി അംഗീകരിച്ചു.
രണ്ടാഴ്ച്ച കഴിഞ്ഞ് കേസില്‍ വീണ്ടും വാദം കേള്‍ക്കും. മെഡിക്കല്‍ റിപോര്‍ട്ട് പരിശോധിച്ച ശേഷം പ്രതിക്ക് ജാമ്യം നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്‌സ്വാള്‍ ഇ അബൂബക്കറിന് വേണ്ടി ഹാജരായി. കാന്‍സര്‍ ബാധിതനായ അദ്ദേഹത്തിന് ഭാഗിക ചികില്‍സ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് അവര്‍ കോടതിയെ ബോധിപ്പിച്ചു.
പാര്‍ക്കിന്‍സണ്‍, മറവി രോഗം, പ്രമേഹം, ഹൈപ്പര്‍ ടോന്‍ഷന്‍ തുടങ്ങിയ രോഗങ്ങളും ഇ അബൂബക്കറിനെ അലട്ടുന്നുണ്ട്. അദ്ദേഹത്തിന്റെ അന്നനാളി ഭാഗികമായി നീക്കം ചെയ്യപ്പെട്ടതാണെന്നും കാമിനി ജയ്‌സ്വാള്‍ അറിയിച്ചു.
എന്നാല്‍, എന്‍ഐഎക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹരജിയെ എതിര്‍ത്തു. ഇ അബൂബക്കറിനെ പലതവണ എയിംസില്‍ പ്രവേശിപ്പിച്ചതാണെന്നും എന്നാല്‍, അശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്നും തുഷാര്‍ മേത്ത പറഞ്ഞു. ഹരജിക്കാരന്‍ ചികില്‍സയുമായി സഹകരിക്കുന്നില്ലെന്നും സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു.
എന്നാല്‍, ഇക്കാര്യങ്ങള്‍ വിശദമായ വൈദ്യപരിശോധനയ്ക്ക് ശേഷം തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി. അദ്ദേഹം സഹകരിക്കുമോ എന്ന് നമുക്ക് നോക്കാമെന്നും കോടതി പറഞ്ഞു.
”ഹരജിക്കാരനെ രണ്ടു ദിവസത്തിനകം എയിംസില്‍ അഡ്മിറ്റ് ചെയ്യണം. തുടര്‍ന്ന് നാല് ദിവസം എയിംസില്‍ അഡ്മിറ്റ് ചെയ്ത് വിശദ പരിശോധന നടത്തണം. അതു കഴിഞ്ഞ് 3 ദിവസത്തിനകം എയിംസ് ഡയറക്ടര്‍ റിപോര്‍ട്ട് നല്‍കണം”- കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പോപുലര്‍ ഫ്രണ്ട് നിരോധനത്തിന് മുന്നോടിയായി 2022 സപ്തംബര്‍ 22ന് ആണ് ഇ അബൂബക്കറിനെ അറസ്റ്റ് ചെയ്തത്.


