ന്യൂഡല്‍ഹി: പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയതിനെതിരേ സുപ്രീംകോടതി. (Supreme Court opposes bail granted to 17 Popular Front activists in Kerala) മതിയായ കാരണങ്ങള്‍ ഇല്ലാതെയാണെന്ന് ഹൈക്കോടതി ഉത്തരവെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
|
എന്‍ഐഎയുടെ അപ്പീലില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നല്‍കിയതും നിഷേധിച്ചതും ചോദ്യം ചെയ്തുള്ള എന്‍ഐഎയുടെയും പ്രതികളുടേയും അപ്പീലില്‍ ഒരുമിച്ച് വാദം കേള്‍ക്കും.
ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കാതെ 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നു സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ 9 പ്രതികള്‍ ഒഴികെ 17 പേര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കേസില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പ്രതികള്‍. കര്‍ശന ഉപാധികളോടെയായിരുന്നു ജാമ്യം.
ഹൈക്കോടതി ജാമ്യം നിഷേധിച്ച 9 പ്രതികളും ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ അപ്പീലുകളും ജാമ്യം നല്‍കിയതിന് എതിരായ എന്‍ഐഎ അപ്പീലും ഒരുമിച്ചു പരിഗണിക്കാനാണ് സുപ്രിം കോടതി തീരുമാനം.
2023 ഏപ്രില്‍ 16 നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ മേലാമുറിയിലെ കടയില്‍ കയറി അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസ് പറയുന്നത്.





