ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സാധാരണക്കാരായ വോട്ടര്‍മാരുടെ വി്ശ്വാസം തിരിച്ചുപിടിക്കുന്നതിന് വോട്ടിങ് യന്ത്രത്തിന് പകരം പേപ്പര്‍ ബാലറ്റ് ഉപയോഗിക്കണമെന്ന ആവശ്യത്തോട് വിയോജിച്ച് സുപ്രിം കോടതി. മനുഷ്യരുടെ തെറ്റായ ഇടപെടല്‍ ഇല്ലെങ്കില്‍ യന്ത്രത്തിലാണ് കൃത്യമായ ഫലം ലഭിക്കുകയെന്ന് കോടതി നീരീക്ഷിച്ചു. ( Supreme Court says EVMs are accurate unless they are maligned by human bias )
|
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ, വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനോടു സുപ്രീം കോടതി യോജിച്ചു. മനുഷ്യരുടെ പക്ഷപാതിത്വം ഉള്‍പ്പെടെയുള്ള ബലഹീനതകള്‍ പ്രശ്‌നമുണ്ടാക്കിയേക്കാം. എന്നാല്‍, മനുഷ്യരുടെ ഇടപെടല്‍ കൂടാതെയുള്ള യന്ത്രങ്ങള്‍ കൃത്യമായ ഫലം തരും. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയിരുന്ന വോട്ടെടുപ്പില്‍ എന്താണു സംഭവിച്ചിരുന്നതു തങ്ങള്‍ക്കും ബോധ്യമുണ്ടെന്നും അതൊന്നും മറന്നിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു.
യന്ത്രത്തിന്റെ കൃത്യത പരിശോധിക്കാം
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) പൂര്‍ണമായി എണ്ണണമെന്നുള്ള ഹരജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഇന്നും വാദം തുടരും. വോട്ടിങ് യന്ത്രത്തിന്റെ കൃത്യത പരിശോധിക്കുന്നതിന് കോടതി തയ്യാറാണ്. എന്നാല്‍, ഇതിന് വേണ്ടി സ്വകാര്യ കേന്ദ്രങ്ങളുടെ അഭിപ്രായങ്ങളല്ല മറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന രേഖകളെയാണ് ആശ്രയിക്കുകയെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യയില്‍ പേപ്പര്‍ ബാലറ്റ് അപ്രായോഗികം
പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന ആശയത്തോട് സുപ്രിം കോടതി വിയോജിച്ചു. യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തിരികെ ബാലറ്റിലേക്കു മടങ്ങിയെന്ന് ഹര്‍ജിക്കാരായ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. മറ്റു രാജ്യങ്ങളിലെ സ്ഥിതി വച്ചു ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്നു കോടതി പ്രതികരിച്ചു. ജര്‍മനിയില്‍ 6 കോടി വോട്ടര്‍മാരുള്ളപ്പോള്‍, ഇന്ത്യയില്‍ 97 കോടി വോട്ടര്‍മാരുണ്ടെന്നു കോടതി വ്യക്തമാക്കി.
മനുഷ്യ ഇടപെടല്‍ ഉണ്ടാകുമ്പോഴോ സോഫ്റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ ആണു ക്രമക്കേടിനു സാധ്യതയുള്ളത്. അവ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ടെങ്കില്‍ നല്‍കാനും കോടതി ഹര്‍ജിക്കാരോടു ആവശ്യപ്പെട്ടു. മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യമാണു ഹരജിക്കാര്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഫലത്തില്‍ 60 കോടി വോട്ടുകള്‍ എണ്ണണമെന്നാണോ ആവശ്യമെന്നു കോടതി ചോദിച്ചു.
നിലവിലെ സംവിധാനത്തിന് കീഴില്‍ ഓരോ അസംബ്ലി മണ്ഡലത്തിലും ക്രമരഹിതമായി തിരഞ്ഞെടുത്ത അഞ്ച് ഇ.വി.എമ്മുകളുടെ വി.വിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ മാത്രമാണ് എണ്ണുന്നത്. ഈ ചട്ടപ്രകാരം ആകെയുള്ള 24 ലക്ഷം വിവിപാറ്റുകളില്‍ 20,000 യന്ത്രങ്ങള്‍ മാത്രമാണ് പരിശോധിക്കപ്പെടുന്നതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
സുതാര്യത ഉറപ്പാക്കണം
വോട്ടിങ് യന്ത്രത്തിന് എന്തെങ്കിലും തകരാര്‍ ഉണ്ടെന്നല്ല തങ്ങള്‍ വാദിക്കുന്നതെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി. സുതാര്യതയാണ് പ്രശ്‌നം. ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് ഉറപ്പാക്കാന്‍ വോട്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. വിവിപാറ്റ് യന്ത്രങ്ങള്‍ ഏതാനും സെക്കന്റ് നേരമാണ് (ഏഴ് സെക്കന്റ്) വോട്ടിങ് സ്ലിപ്പ് കാണിക്കുന്നത്. ഇത് ഒഴിവാക്കാന്‍ മൂന്ന് നിര്‍ദേശങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ മുന്നോട്ട് വച്ചു, ഒന്നുകില്‍ പേപ്പര്‍ ബാലറ്റുകളിലേക്കു മടങ്ങണം. വോട്ടര്‍മാരുടെ കൈവശം വിവിപാറ്റ് സ്ലിപ് നല്‍കണം. അതുവഴി ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിച്ചശേഷം തിരിച്ചു ബാലറ്റ് ബോക്‌സില്‍ ഇടാനാകും. വിവിപാറ്റ് മെഷീനുകളില്‍ അകം കാണാത്ത ഗ്ലാസിന് പകരം സുതാര്യ ഗ്ലാസ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
ഡാറ്റ വേണമെന്ന് കോടതി
ആകെ ചെയ്ത വോട്ടുകളിലും എണ്ണിയ വോട്ടുകളിലും അന്തരം ഉണ്ടെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ അവകാശം ഉപയോഗിക്കാവുന്നതാണ്. നേരത്തേ ഇത്തരത്തിലുള്ള എത്ര സംഭവങ്ങളുണ്ടായിട്ടുണ്ട. സ്ഥാനാര്‍ഥികള്‍ എത്ര തവണ വോട്ടുകള്‍ എണ്ണാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നീ വിവരങ്ങള്‍ ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
വോട്ടിങ് യന്ത്രത്തിലെ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും അരുണ്‍ കുമാര്‍ അഗര്‍വാളുമാണ് കോടതിയെ സമീപിച്ചത്.





