ന്യൂഡൽഹി: മാവോയിസ്റ്റ് ആരോപണം നേരിടുന്ന പ്രൊഫസർ ജി.എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രിം കോടതി റദ്ദാക്കി. കേസിൽ വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ ഹൈക്കോടതിയോട് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പുതിയ പരിഗണനക്കായി ഹൈക്കോടതിയിലേക്ക് മാറ്റിയത്. കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കേൾക്കാനാണ് സുപ്രിംകോടതി നിർദേശിച്ചത്.
|
അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജുവാണ് സർക്കാരിനെ പ്രതിനിധീകരിച്ച് ഹാജരായത്. മുതിർന്ന അഭിഭാഷകരായ ആർ ബസന്ത്, നിത്യ രാമകൃഷ്ണ, അഭിഭാഷകൻ ഷദൻ ഫറസത്ത് എന്നിവർ പ്രതിക്കു വേണ്ടി ഹാജരായി. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ 2017 മാർച്ചിലാണ് മഹാരാഷ്ട്രയിലെ ഗഢ്ചിറോളി സെഷൻ കോടതി സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രൊഫസറായിരുന്ന വികലാംഗനായ സായിബാബ, ജെഎൻയു സർവ്വകലാശാലയിലെ മുൻ വിദ്യാർഥി ഹേം മിശ്ര, മാധ്യമപ്രവർത്തകനായിരുന്ന പ്രശാന്ത് റായ് എന്നിവരുൾപ്പെടുന്ന അഞ്ച് പേർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. യുഎപിഎ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിരോധിത ഭീകര സംഘടനയിലെ അംഗത്വം, നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾക്ക് സഹായം നൽകൽ, ആശയങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള പരമാവധി ശിക്ഷയാണ് കോടതി നൽകിയത്.





