28
Mar 2024
Thu
28 Mar 2024 Thu
Supreme Court stays notification of Centre’s fact-check unit

ന്യൂഡല്‍ഹി: സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് തടയിടാന്‍ വളഞ്ഞ വഴി സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് സുപ്രിം കോടതിയുടെ പൂട്ട്. വലിയ അധികാരങ്ങളോട് കൂടി ഫാക്ട് ചെക്കിങ് യൂനിറ്റ്(സ്തുതാ പരിശോധന യൂനിറ്റ്) രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനം സുപ്രിം കോടതി സ്റ്റേ ചെയ്തു. ഐ.ടി ചട്ടങ്ങളിലെ 2023-ലെ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹരജികളില്‍ ബോംബെ ഹൈക്കോടതി അന്തിമ തീരുമാനം എടുക്കുന്നത് വരെ സ്റ്റേ നിലനില്‍ക്കും. (Supreme Court stays notification of Centre’s fact-check unit)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേന്ദ്ര ഇലക്ട്രോണിക്സ് – ഐടി മന്ത്രാലയം ഇന്നലെയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോക്ക് (പി.ഐ.ബി) കീഴിലുള്ള ഫാക്ട് ചെക്കിങ് യൂനിറ്റിനെ (എഫ്.സി.യു) നിയപരമായ അധികാരം നല്‍കുന്ന ബോഡിയാക്കി വിജ്ഞാപനം ചെയ്തത്. കേന്ദ്രസര്‍ക്കാരിനെയും അതിന്റെ ഏജന്‍സികളെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിവരങ്ങളില്‍ ഏതാണ് വ്യാജമെന്ന പ്രഖ്യാപിക്കാന്‍ ബോഡിക്ക് അധികാരം നല്‍കുന്നതായിരുന്നു വിജ്ഞാപനം.

ഈ വിഷയം ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.

ഫാക്റ്റ് ചെക്ക് യൂനിറ്റ് വിജ്ഞാപനം ചെയ്യുന്നതില്‍നിന്ന് കേന്ദ്രത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സ്റ്റാന്‍ഡ്-അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര എന്നിവരാണ് ബോംബെ ഹൈകോടതിയെ സമീപിച്ചത്. നേരത്തേ പല വാര്‍ത്തകളിലും എഫ്‌സിയു സ്വീകരിച്ച നിലപാട് തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന് എതിരാണെന്ന് കണ്ടാല്‍ കാര്യമായ പരിശോധനകളില്ലാതെ വ്യാജമെന്ന് വിധിച്ച സംഭവങ്ങളുണ്ടായിരുന്നു.

വിഷയത്തില്‍ ബോംബെ ഹൈക്കോടതി ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. ജഡ്ജിമാരില്‍ ഒരാള്‍ സ്റ്റേ പ്രഖ്യാപിക്കുകയും രണ്ടാമത്തെയാള്‍ കേന്ദ്ര വിജ്ഞാപനത്തെ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ തീരുമാനമെടുക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് എ എസ് ചന്ദ്രുര്‍ക്കര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. ഇതോടെയാണ് കേസ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്.