|
മുത്തലാഖിനു പിന്നാലെ മുസ്‌ലിം വ്യക്തിനിയമത്തിലെ രണ്ട് നിയമങ്ങളുടെ കൂടി ഭരണഘടനാ സാധുത സുപ്രിംകോടതി പരിശോധിക്കുന്നു. മുസ്‌ലിം പുരുഷന്മാരുടെ ബഹുഭാര്യത്വം, നിക്കാഹ് ഹലാല സമ്പ്രദായങ്ങൾക്കെതിരേ ഒരു സംഘം സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു
സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് ദസറാ അവധിക്കു ശേഷം, ഒക്ടോബർ രണ്ടാം വാരം കേസിൽ വാദം കേൾക്കും. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എം.എം. സുന്ദരേശ്, സുധാംശു ധൂലിയ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ വനിതാ കമ്മീഷനും ദേശീയ ന്യൂനപക്ഷ കമ്മീഷനും കേസിൽ സുപ്രിംകോടതി നോട്ടിസ് അയച്ചു. നൈസാ ഹസൻ, ശബ്‌നം, ഫർജാന, സമീനാ ബീഗം എന്നിവരാണ് ശരീഅത്തിലെ ഈ രണ്ടു നിയമങ്ങൾക്കെതിരേ കോടതിയെ സമീപിച്ചത്. മുസ്‌ലിം വനിതാ പ്രതിരോധ സമിതിയും അഭിഭാഷകരായ അശ്വിനി ഉപാധ്യായ്, മുഹ്‌സിൻ കാദിരി എന്നിവരും ഇവർക്കൊപ്പമുണ്ട്.
ശരീഅ നിയമസനുസരിച്ച് മുസ്‌ലിം പുരുഷനു ഒരേ സമയം നാലുവരെ കെട്ടാം. വിവാഹ മോചിതയായ മുസ്‌ലിം സ്ത്രീക്ക് മുൻ ഭർത്താവിനെ വിവാഹം ചെയ്യണമെങ്കിൽ മറ്റൊരു പുരുഷനെ നിക്കാഹ് ചെയ്ത് മൊഴിചൊല്ലണം. ഈ സമ്പ്രദായമാണ് നിക്കാഹ് ഹലാല. രണ്ട് സമ്പ്രദായങ്ങളും നിരോധിക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം.
ഈ സമ്പ്രദായങ്ങൾ അനുശാസിക്കുന്ന മുസ്‌ലിം വ്യക്തിനിയമത്തിലെ രണ്ടാം വകുപ്പ് ഭരണഘടനാ വിരുദ്ധവും ആർട്ടിക്കിൾ പതിനാലിന്റെയും (തുല്യതയ്ക്കുള്ള അവകാശം) ആർട്ടിക്കിൾ 21 ന്റെയും (ജീവിക്കാനുള്ള അവകാശം) ലംഘനവുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.



