29
Mar 2023
Wed
29 Mar 2023 Wed

ന്യൂഡൽഹി: സംസ്ഥാനത്ത് ആർഎസ്എസ് റൂട്ട് മാർച്ച് നടത്താൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ നൽകിയ അപ്പീൽ ഹരജി അടിയന്തരമായി പരി​ഗണിക്കാൻ സുപ്രിംകോടതി. ഹരജി മാർച്ച് മൂന്നിന് കോടതി പരി​ഗണിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം അഞ്ചിന് മാർച്ച് നടക്കാനിരിക്കുന്നതിനാൽ ഹരജിയിൽ അടിയന്തര വാദം കേൾക്കണമെന്ന സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്ത്തഗിയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് അം​ഗീകരിച്ചു.

‘അപ്പീലിൽ വെള്ളിയാഴ്ച വാദം കേൾക്കാൻ അഭ്യർഥിക്കുന്നു’- മുകുൾ റോത്തഗി പറഞ്ഞു. ‘ഞങ്ങൾ ഇത് വെള്ളിയാഴ്ച പരി​ഗണിക്കാം’- ബെഞ്ച് വ്യക്തമാക്കി.

റൂട്ട് മാർച്ചിന് അനുമതി നൽകാൻ പൊലീസിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇത് ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് വിധി റദ്ദാക്കിയായിരുന്നു ജസ്റ്റിസുമാരായ ആർ മഹാദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്‍റെ ഉത്തരവ്.

കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. 50 ഇടങ്ങളിലായിരുന്നു മാർച്ച് നടത്താനിരുന്നത്. മാർച്ചിന് നേരത്തെ മദ്രാസ് ഹൈക്കടതി അനുമതി നൽകിയിരുന്നു. എന്നാൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുമതി നിഷേധിച്ചത്.

ഇതോടെ ആർഎസ്എസ് കോടതി അലക്ഷ്യ ഹരജി നൽകി. നവംബർ ആറിന് 50 സ്ഥലങ്ങളിൽ 44 ഇടങ്ങളിലും മാർച്ച് നടത്താൻ കോടതി അനുമതി നൽകി. എന്നാൽ കെട്ടിടത്തിനകത്തോ സ്റ്റേഡിയത്തിനകത്തോ മാത്രമേ നടത്താവൂ എന്ന് സിംഗിൾ ബെഞ്ച് വിധിച്ചു.

ഇതിനെ തുടർന്നാണ് സിംഗിൾ ജഡ്ജി വിധിക്കെതിരെ ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും. ഇതിനെതിരെയാണ് സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.