12
Feb 2025
Thu
12 Feb 2025 Thu
Supreme judiciary calls to watch crescent moon

ജിദ്ദ: ഹിജ്‌റാബ്ദം 1446 ലെ വിശുദ്ധ റമദാന്‍ ആരംഭം നിര്‍ണയിക്കുന്നതിനായി ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജുഡീഷ്യറി പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. ശഅബാന്‍ മാസം ഇരുപത്തിയൊമ്പത് (2025 ഫെബ്രുവരി 28) വെള്ളിയാഴ്ച അസ്തമിക്കുമ്പോള്‍ ചന്ദ്രപ്പിറവി നിരീക്ഷിക്കണമെന്നാണ് ആഹ്വാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നഗ്‌നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍ വഴിയോ ചന്ദ്രപ്പിറവി ദര്‍ശിക്കുന്നവര്‍ അക്കാര്യം അടുത്തുള്ള കോടതിയെ അറിയിക്കുകയും വിവരം നല്‍കുകയും സാക്ഷ്യം രജിസ്റ്റര്‍ ചെയ്യുകയും ചെയ്യണമെന്നും സുപ്രീം ജുഡീഷ്യറി വ്യക്തമാക്കി. ചന്ദ്രപ്പിറവി ദര്‍ശനം പുണ്യകര്‍മമാണെന്നും ഇക്കാര്യത്തില്‍ താല്പര്യം ഉണ്ടായിരിക്കേണ്ടത് നബിചര്യയുടെ അനുധാവനം ആണെന്നും പ്രസ്താവന ഉല്‍ബോധിപ്പിച്ചു.

വെള്ളിയാഴ്ച സന്ധ്യയില്‍ ചന്ദ്രപ്പിറവി ഉണ്ടായതായി സ്ഥിരപ്പെട്ടാല്‍ മാത്രമായിരിക്കും ശനിയാഴ്ച റമദാന്‍ 1446 ആരംഭം. അല്ലെങ്കില്‍ ശനിയാഴ്ച ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഞായറാഴ്ചയായിരിക്കും വ്രതം തുടങ്ങുക. സൗദിയില്‍ കാലഗണന അടിസ്ഥാനപ്പെടുത്തി ഉമ്മുല്‍ ഖുറാ എന്ന പ്രത്യേക കലണ്ടര്‍ ഉണ്ടെങ്കിലും പ്രവാചക ചര്യ പിന്‍പറ്റി റമദാന്‍, ഹജ്ജ്, ഈദുകള്‍ എന്നിവ ചന്ദ്രദര്‍ശനവും അതിന്റെ സാക്ഷ്യപ്പെടുത്തലിന്റെയും അടിസ്ഥാനത്തിലാണ് ചെയ്യാറ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക