ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി നടപടി. 13,608 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി ഉത്തരവിറക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം 15,000 കോടി രൂപ കൂടി വേണ്ടി കടം വരുമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു.
|
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹരജി പരിഗണിച്ചത്. അടിയന്തരമായി 26000 കോടി കടമെടുക്കാന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഹരജി പിന്‍വലിച്ചാല്‍ അടിയന്തരമായി 13000 കോടി അനുവദിക്കാമെന്ന കേന്ദ്ര നിര്‍ദേശം കേരളം തള്ളിയിരുന്നു. ഹരജി നേരത്തെ പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല.
കേസില്‍ വാദത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന 13,608 കോടി രൂപയുടെ കാര്യം അംഗീകരിച്ചുകൂടേയെന്നു കോടതി കേരളത്തോട് ആരായുകയായിരുന്നു. ഇതു സ്വീകരിക്കാമെന്നു വ്യക്തമാക്കിയാണ് കേരളം 15,000 കോടി രൂപ കൂടി വേണമെന്നാവശ്യപ്പെട്ടത്.
അതേസമയം, ഈ വിഷയത്തില്‍ കേരളം നല്‍കിയ ഹരജി പിന്‍വലിക്കേണ്ടതില്ലെന്നു സുപ്രിംകോടതി വ്യക്തമാക്കിയതു കേന്ദ്ര സര്‍ക്കാരിനു തിരിച്ചടിയായി. ഹരജിയുമായി മുന്നോട്ടുപോകാന്‍ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





