01
Aug 2023
Wed
01 Aug 2023 Wed

ന്യൂഡൽഹി: കോടതി വ്യവഹാരങ്ങളിൽ ഉപയോ​ഗിക്കുന്ന വിവിധ ഭാഷാപ്രയോ​ഗങ്ങൾക്ക് പകരം പുതിയവ ഉൾപ്പെടുത്തി ശൈലീപുസ്തകം പുറത്തിറക്കി സുപ്രിംകോടതി. ലിംഗവിവേചനമുളള ഭാഷാപ്രയോഗങ്ങള്‍ കോടതികളില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൈപ്പുസ്തകം ഒരുക്കിയത്. 40 ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികളില്‍ ഉപയോഗിക്കാവുന്ന പുതിയവ അടങ്ങുന്ന കൈപ്പുസ്തകമാണ് പുറത്തിറക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തിലുള്ളത്. കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം, ജാരസന്തതി തുടങ്ങിയ പദങ്ങള്‍ ഇനി മുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കാൻ പാടില്ല. ‘അഭിസാരിക’യ്ക്ക് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്ന് ഉപയോ​ഗിക്കണം. ‘അവിഹിത’ത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.

‘കാമവികാരപരമായ ലൈംഗിക വേഴ്ച’ എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മതി. ‘വേശ്യ’ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. ‘അവിവാഹിതയായ അമ്മ’യെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ‘ജാരസന്തതി’ എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. ‘പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി’ എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് പറയേണ്ടത്.

‘കര്‍ത്തവ്യബോധമുള്ള ഭാര്യ’, ‘വിശ്വസ്തയായ ഭാര്യ’, ‘നല്ല ഭാര്യ’, ‘അനുസരണയുള്ള ഭാര്യ’ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. ‘വീട്ടമ്മ’ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ‘ഇന്ത്യന്‍ വനിത’, ‘പാശ്ചാത്യ വനിത’ എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രിംകോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ പറയുന്നു.

‘ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം’ എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതി. ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് ‘പൂവാലശല്യ’ത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രിംകോടതി വ്യക്തമാക്കി. ‘അവിവാഹിതയായ അമ്മ’ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്.