2024ലും ഞാന്‍ തന്നെ; മൂന്നാമത്തെ ടേമില്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി
|
ന്യൂഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും എന്‍ഡിഎയെ നയിക്കുക താന്‍ തന്നെയെന്ന സൂചനനല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ ഇന്ത്യന്‍ ട്രേഡ് പ്രാമോഷന്‍ ഓര്‍ഗനൈസേഷന്റെ നവീകിരച്ച കെട്ടിടം ഭാരത് മണ്ഡപം ഉദ്ഘാടനം ചെയ്യവെയാണ് മോദിയുടെ പ്രഖ്യാപനം. മൂന്നാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
നമ്മുടെ ആദ്യത്തെ ടേമില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം പത്താം സ്ഥാനത്തായിരുന്നു. രണ്ടാമത്തെ ടേമില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ്. നമ്മുടെ ട്രാക്ക് റെക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ മൂന്നാമത്തെ ടേമില്‍ നമ്മള്‍ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും. ഇത് മോദിയുടെ ഉറപ്പാണ്. 2024ന് ശേഷം രാജ്യത്തിന്റെ വികസന യാത്ര വേഗത്തിലാകുമെന്ന് ഞാന്‍ വാക്കു നല്‍കുന്നു. എന്റെ മൂന്നാമത്തെ ടേമില്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നത് നിങ്ങള്‍ കാണും- മോദി പറഞ്ഞു.
‘കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് പുറത്തുവന്നു. ഇത് അന്താരാഷ്ട്ര ഏജന്‍സികളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 9 വര്‍ഷമായി എടുത്ത തീരുമാനങ്ങള്‍ രാജ്യത്തെ ശരിയായ പാതയിലാണ് നയിച്ചത് എന്നതിനുള്ള തെളിവാണത്.’ അദ്ദേഹം പറഞ്ഞു.
2024 ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ സഖ്യം രൂപികരിച്ച് മുന്നോട്ടുപോകുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ സുപ്രധാന പ്രഖ്യാപനം വന്നിരിക്കുന്നത്.
ഹിന്ദിയില്‍ ‘ഭാരത് മണ്ഡപം’ എന്നെഴുതിയ ചുവന്ന തുണിയുമായി ഡ്രോണ്‍ പറന്നുയരുകയായിരുന്നു. ഉദ്ഘാടനത്തിന് മുമ്പ് പുനര്‍നിര്‍മ്മിച്ച ഐടിപിഒ സമുച്ചയത്തില്‍ പ്രധാനമന്ത്രി പൂജ നടത്തി. തുടര്‍ന്ന് നിര്‍മ്മാണ തൊഴിലാളികളുമായി സംവദിച്ച അദ്ദേഹം അവരെ അഭിനന്ദിക്കുകയും ചെയ്തു.
പ്രഗതി മൈതാന സമുച്ചയം എന്നും അറിയപ്പെടുന്ന വിശാലമായ ഐടിപിഒ സമുച്ചയം ഏകദേശം 123 ഏക്കറിലാണ് വ്യാപിച്ചുകിടക്കുന്നത്. യോഗങ്ങള്‍, ഇന്‍സെന്റീവ്‌സ്, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ നടത്താന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമുച്ചയമാണിത്.
ഉദ്ഘാടനത്തിന് മുന്നോടിയായി പ്രഗതി മൈതാനത്തും പരിസരത്തും നൂറുകണക്കിന് ഉദ്യോഗസ്ഥരെ ഡല്‍ഹി പോലീസ് വിന്യസിച്ചിരുന്നു.





