15
Dec 2024
Thu
15 Dec 2024 Thu
Saydnaya Prison

ദമസ്‌കസ്: ബശ്ശാറുല്‍ അസദിന്റെ ഭരണകാലത്ത് ക്രൂരമായ പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പേര് കേട്ട സിറിയയിലെ ജയിലുകള്‍ അടച്ചുപൂട്ടാനൊരുങ്ങി തഹ്രീര്‍ അല്‍ ഷാം. (Tahrir al-Sham closes Bashar al-Assad’s notorious detention camps) മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകള്‍ക്കും കൊലപാതകങ്ങള്‍ക്കും കുപ്രസിദ്ധമായ സായ്ദ്നായ ജയിലും ഇതില്‍ ഉള്‍പ്പെടും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിമതര്‍ അധികാരം പിടിച്ചതിന് പിന്നാലെ ആയിരക്കണക്കിന് തടവുകാരെ സായ്ദ്നായ ജയിലില്‍ നിന്ന് മോചിപ്പിക്കുന്ന വീഡിയോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ലോകത്തിലെ വിവിധ അന്താരാഷ്ട്ര മനുഷ്യാവകാശ ഗ്രൂപ്പുകള്‍ ‘മനുഷ്യരുടെ അറവുശാല’ എന്നാണ് സായ്ദ്നായ ജയിലിനെ വിശേഷിപ്പിച്ചത്.

ബശ്ശാര്‍ അല്‍ അസദിന്റെ ഭരണം അവസാനിച്ചതോടെ പതിനായിരക്കണക്കിന് തടവുകാരുള്ള ജയിലുകളിലേക്ക് ആയിരക്കണക്കിന് സിറിയക്കാരാണ് ഒഴുകിയെത്തിയത്. ചിലര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ ജീവനോടെ ലഭിച്ചു. എന്നാല്‍, പലരും ജയിലിലെ പീഡനത്തില്‍ മരിച്ചിരുന്നു. എന്നാല്‍, ആയിരക്കണക്കിന് പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

അസദിന്റെ ഭരണത്തിന് കീഴില്‍ ജയിലില്‍വെച്ച് ഏകദേശം 60,000 പേര്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി യു.കെ ആസ്ഥാനമായുള്ള നിരീക്ഷണ ഗ്രൂപ്പായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് വെളിപ്പെടുത്തിയിരുന്നു.

അതേസമയം ജയിലുകള്‍ അടച്ച് പൂട്ടുന്നതിന് പുറമെ അസദ് ഭരണകൂടത്തിന്റെ സുരക്ഷാ സേനയെ പിരിച്ചുവിടുമെന്നും ഹയാത്ത് തഹ്രീര്‍ അല്‍ ഷാം മേധാവിയായ അബു ജുലാനി അറിയിച്ചിട്ടുണ്ട്.

തടവുകാരെ പീഡിപ്പിക്കുന്നതിലും കൊല്ലുന്നതിലും പങ്കെടുത്തവര്‍ക്ക് മാപ്പ് നല്‍കില്ലെന്നും ജുലാനി പുറത്തുവിട്ട പ്രത്യേക പ്രസ്താവനയില്‍ പറയുന്നു.