
കാബൂള്‍: അഫ്ഗാനിസ്താനിലെ ഏക ആഡംബര ഹോട്ടല്‍ ഏറ്റെടുത്ത് താലിബാന്‍ ഭരണകൂടം. (Taliban take over Afghanistan’s only luxury hotel) അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാരായ സെറീന ഹോട്ടല്‍ ഗ്രൂപ്പ് അറിയിച്ചു.
![]() |
|
താലിബാന്‍ ധനകാര്യ മന്ത്രാലയത്തിനു കീഴിലുള്ള ഹോട്ടല്‍ സ്റ്റേറ്റ് ഓണ്‍ഡ് കോര്‍പറേഷനാണ് ഹോട്ടല്‍ ഏറ്റെടുത്തത്.
കാബൂള്‍ ഹോട്ടല്‍ എന്നപേരില്‍ 1945ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ ഹോട്ടല്‍ അഫ്ഗാന്‍ തലസ്ഥാനത്തെ സാറെന്‍ഗാര്‍ പാര്‍ക്കിന് അഭിമുഖമായാണ് സ്ഥി ചെയ്യുന്നത്. നീണ്ട കാലത്തെ യുദ്ധത്തിനിടയില്‍ വലിയ നാശനഷ്ടങ്ങള്‍ നേരിട്ട ഈ ഹോട്ടല്‍ 2005ല്‍ കനേഡിയന്‍ ആര്‍ക്കിടെക്ട് രമേഷ് ഖോസ്ലയുടെ ഡിസൈനില്‍ ആഗാ ഖാന്‍ ഡവലപ്‌മെന്റ് നെറ്റ്‌വര്‍ക്കാണ് പുതുക്കിപ്പണിതത്.
സെറീന കാബൂള്‍ ഹോട്ടല്‍ എന്ന് പുനര്‍നാമകരണം ചെയ്ത ഈ ആഡംബര കെട്ടിടം മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി ആണ് ഉദ്ഘാടനം ചെയ്തത്.
അഫ്ഗാനിസ്താനില്‍ ഭരണം പിടിച്ചെടുക്കുന്നതിനു മുമ്പ് 2008ലും 2014ലും ഈ ഹോട്ടലിന് നേരെ താലിബാന്‍ ആക്രമണം നടത്തിയിട്ടുണ്ട്. ആദ്യത്തെ ആക്രമണത്തില്‍ യു.എസ് പൗരന്‍ തോര്‍ ഡേവിഡ് ഹെസ്‌ല അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.
സെറീന ഹോട്ടല്‍ ഗ്രൂപ്പുമായുള്ള കരാര്‍ അവസാനിക്കാന്‍ അഞ്ച് വര്‍ഷം ബാക്കിയിരിക്കേയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന് താലിബാന്‍ അറിയിച്ചു. ഹോട്ടല്‍ സ്റ്റേറ്റ് ഓണ്‍ഡ് കോര്‍പറേഷന്‍ നിലവില്‍ രാജ്യത്തെ നിരവധി ഹോട്ടലുകള്‍ നടത്തുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇതും ഏറ്റെടുത്തതെന്നും താലിബാന്‍ വ്യക്തമാക്കി.
ഈ ഹോട്ടലുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യന്‍ വാര്‍ത്താ അവതാരകന്‍ തട്ടിവിട്ട കഥയും പ്രസിദ്ധമാണ്. ഹോട്ടലിന്റെ നാലാം നിലയില്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു 2021ല്‍ ഈ അവതാരകന്‍ തള്ളിവിട്ടത്. എന്നാല്‍, സെറീന ഹോട്ടലിന് ആകെ രണ്ട് നില മാത്രമേ ഉള്ളു.