30
Nov 2024
Tue
30 Nov 2024 Tue
sdpi tamilnadu pfi

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഇന്ത്യന്‍ സായുധ സേനയുമായി താരതമ്യപ്പെടുത്തിയെന്നാരോപിച്ച് ബിജെപി. (Tamil Nadu BJP demands MLA’s arrest for comparing PFI to Indian Army)തമിഴക വാഴുരുമൈ കക്ഷി(ടിവികെ) നേതാവും പണ്‍റുത്തി മണ്ഡലം എംഎല്‍എയുമായ ടി വേല്‍മുരുഗനെതിരേയാണ് ആരോപണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച്ച ചെന്നൈയില്‍ എസ്ഡിപിഐ സംഘടപ്പിച്ച റാലിയിലായിരുന്നു വിവാദ പ്രസംഗം. ദീര്‍ഘകാലമായി വിചാരണത്തടവുകാരായി കഴിയുന്നവരുടെ മോചനം, മുസ്ലിംകള്‍ക്ക് 7 ശതമാനം സംവരണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എഗ്മൂറിലെ രാജരത്‌നം സ്റ്റേഡിയത്തില്‍ നടന്ന പരിപടിയില്‍ മുന്‍ മന്ത്രിയും എഐഎഡിഎംകെ നേതവുമായ ഡി വിജയകുമാര്‍, മെയ് 17 മൂവ്‌മെന്റ് കോഓഡിനേറ്റര് തിരുമുരുഗന്‍ ഗാന്ധി തുടങ്ങിയ പ്രമുഖരും സംബന്ധിച്ചിരുന്നു.

velmurugan mla

പരിപാടിയില്‍ പ്രസംഗിച്ച എംഎല്‍എ ടി വേല്‍മുരുഗന്‍ എസ്ഡിപിഐ സമ്മേളനത്തിന് പോലീസ് അനുമതി നിഷേധിച്ച കാര്യം പരാമര്‍ശിക്കവേയാണ് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും സംസ്ഥാനത്ത് നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചും സമരങ്ങളെക്കുറിച്ചും സൂചിപ്പിച്ചത്. ”ഇന്ന് ഡിപാര്‍ട്ട്‌മെന്റിലുള്ള പല പോലീസ് ഉദ്യോഗസ്ഥരും പുതിയതാണ്. എന്നാല്‍, കഴിഞ്ഞ 14 വര്‍ഷങ്ങളായി നമ്മുടെ സംസ്ഥാനത്ത് നടക്കുന്ന അനീതിക്കും നിയമരാഹിത്യത്തിനും അതിക്രമങ്ങള്‍ക്കും നമ്മള്‍ സാക്ഷിയാണ്. ഇതിനെതിരായ പോരാട്ടത്തില്‍ എസ്ഡിപിഐയും മുന്‍ പോപുലര്‍ ഫ്രണ്ടും എന്നോടൊപ്പം ഇന്ത്യന്‍ സൈന്യത്തെപ്പോലെ നിലകൊണ്ടിരുന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച നിരവധി കൂറ്റന്‍ മാര്‍ച്ചുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്രമസമാധാന പാലനത്തില്‍ തമിഴ്‌നാട് പോലീസിനൊപ്പം സിഐഎസ്എഫിനെപ്പോലെ നില കൊണ്ടത് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടുമായിരുന്നു. സാധാരണ ജനങ്ങള്‍ക്കു വേണ്ടി അവര്‍ ജീവന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചു. പ്രളയകാലത്തും മറ്റും അവര്‍ വലിയ സേവനം നല്‍കിയിരുന്നു. ഫാസിസ്റ്റ് സംഘടയായ ബിജെപിക്ക് അവര്‍ തീവ്രവാദികളായിരിക്കാം. എന്നാല്‍, ബിജെപിയുടെ അതേ കണ്ണിലൂടെ എസ്ഡിപിഐയെ കാണരുത്”- പ്രംസഗത്തില്‍ വേല്‍മുരുഗന്‍ പറഞ്ഞു.

കലാപങ്ങളുടെയും കൊലപാതകങ്ങളുടെയും ചരിത്രമുള്ള പോപുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐക്ക് ഇത്തരമൊരു പരിപാടിക്ക് പോലീസ് അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാരിനെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി വിമര്‍ശിച്ചു. നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിനെയും ഇന്ത്യന്‍ സൈന്യത്തെയും താരതമ്യപ്പെടുത്തിയ വേല്‍മുരുഗന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. വേല്‍മുരുഗനും പോപുലര്‍ ഫ്രണ്ടും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. റാലിയില്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.