ചെന്നൈ: ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരാന്‍ ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല. ഡിഎംകെയുടെ പോരാട്ട ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കിൽ ഡല്‍ഹിയിലെയിലെ മുതിർന്ന നേതാക്കളോട് ചോദിക്കൂ. ഇത് ഭീഷണി അല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു. ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തതിലാണ് സ്റ്റാലിന്‍റെ പ്രതികരണം.
|
അതേസമയം, ഇ ഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിക്ക് ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം. ബാലാജിയുടെ ജാമ്യാപേക്ഷ ചെന്നൈ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ബൈപാസ് ശസ്ത്രക്രിയക്കായി ബാലാജിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന അപേക്ഷയും പരിഗണിക്കും.
മന്ത്രിയുടെ ജീവൻ അപകടത്തിലാണെന്നും അറസ്റ്റ് ചെയ്ത രീതി മനുഷ്യാവകാശ ലംഘനം ആണെന്നും അഭിഭാഷകൻ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കല്‍ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇ ഡിയുടെ വാദം.
17 മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷം, ഇന്നലെ പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രിയായ ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കാലത്ത് മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന കേസിലാണ് മന്ത്രിയുടെ അറസ്റ്റ്. മന്ത്രിയുടെ ഹൃദയ ധമനിയിൽ മൂന്ന് ബ്ലോക്ക് കണ്ടെത്തിയെന്ന മെഡിക്കല്‍ റിപ്പോർട്ട് ആശുപത്രി പുറത്തു വിട്ടിരുന്നു.
ജയലളിതയുടെ ഭരണകാലത്ത് 2011 മുതൽ 2015 വരെ ഗതാഗതമന്ത്രിയായിരുന്ന സെന്തിൽ ബാലാജി പിന്നീട് ഡിഎംകെയിൽ ചേരുകയായിരുന്നു. ബാലാജിയുമായി ബന്ധപ്പെട്ട നാൽപ്പതോളം ഇടങ്ങളിൽ കഴിഞ്ഞമാസം തുടർച്ചയായി എട്ടുദിവസം ആദായനികുതി റെയ്ഡ് നടന്നിരുന്നു. ഇതിന് തുടർച്ചയായാണ് ബാലാജിയുടെ ചെന്നൈയിലെയും ജന്മനാടായ കരൂരിലെയും വീടുകളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും ഉൾപ്പെടെ 12 ഇടത്ത് കഴിഞ്ഞദിവസം ഇ ഡി റെയ്ഡ് നടത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





