24
Mar 2025
Wed
24 Mar 2025 Wed
Missing Tanur girls

മലപ്പുറം: താനൂരില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. (Tanur girls missing: Kerala police to mumbai for enquiry) പെണ്‍കുട്ടികള്‍ വലിയ തുക ചെലവഴിച്ച് ഹെയര്‍ ട്രീറ്റ്‌മെന്റ് നടത്തിയ മുംബൈയിലെ സലൂണിന്റെ ശിവസേനാ ബന്ധവും അവിടെ മുമ്പ് നടന്ന റെയ്ഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടികള്‍ മുംബൈയിലേക്ക് എത്തിയത് എന്തിനെന്നറിയാന്‍ താനൂര്‍ പോലീസ് സംഘം മുംബൈയിലെത്തി. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.സുകേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എ.ഷമീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പെണ്‍കുട്ടികള്‍ ഹെയര്‍ ട്രീറ്റ്‌മെന്റ് നടത്തിയ സലൂണിലടക്കം പരിശോധന നടത്തുന്ന സംഘം സലൂണ്‍ നടത്തിപ്പുകാരുടെയും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും.

മുംബൈയില്‍ പെണ്‍കുട്ടികളെ ഉപയോഗിച്ച് മസാജ് പാര്‍ലര്‍ നടത്തിയിരുന്നത് ശിവസേനക്കാരനായ പ്രിന്‍സ് ആണെന്ന് അവിടെയുള്ള സാമൂഹിക പ്രവര്‍ത്തകരെ ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ALSO READ: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ രണ്ടും മുംബൈയില്‍

ഏതാനും വര്‍ഷം മുന്‍പ് ഈ സ്ഥാപനത്തില്‍ മുംബൈ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിരവധി മലയാളി പെണ്‍കുട്ടികളെ അടക്കം അനാശാസ്യത്തിന് അന്ന് പിടികൂടിയതായി അന്ന് മനോരമയുടെ മുംബൈ എഡിഷനില്‍ വാര്‍ത്ത വന്നിരുന്നതായും സന്ദീപ് വാര്യര്‍ പറയുന്നു.

കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് പ്രിന്‍സിന്റെയും ഭാര്യയുടെയും മൊഴികളില്‍ വൈരുധ്യമുണ്ടെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു. മുംബൈയിലെ ചില സംഘടന പ്രവര്‍ത്തകര്‍ കുട്ടികള്‍ അവിടെയുണ്ടോ എന്ന് താഴെ ചെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന നുണയാണ് പ്രിന്‍സ് പറഞ്ഞതെന്നും ആ സമയത്ത് കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സംഘടനാ പ്രവര്‍ത്തകര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു.

ഇന്നും നാളെയും മുംബൈയില്‍ തുടരുന്ന അന്വേഷണ സംഘം രണ്ട് ദിവസത്തിന് ശേഷം നാട്ടിലേക്ക് തിരിക്കും. മുംബൈയില്‍ നിന്നും ശേഖരിക്കുന്ന മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന അക്ബര്‍ റഹീമിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്.

സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും വിവിധ സംഘടനകളും ദുരൂഹതയുള്ളതായി സംശയിക്കുന്ന സാഹചര്യത്തില്‍ എല്ലാ സാധ്യതകളും പരിഗണിച്ചു കൊണ്ടുള്ള സമഗ്ര അന്വേഷണമാണ് പൊലീസ് സംഘത്തിന്റെ ലക്ഷ്യം.

അതേസമയം, കഴിഞ്ഞ ദിവസം പ്രതി അക്ബര്‍ റഹീമിനെ ലൈംഗികക്ഷമത പരിശോധനക്കും മെഡിക്കല്‍ പരിശോധനക്കും വിധേയമാക്കി റിമാന്‍ഡ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഫോണ്‍ വഴി പിന്‍തുടര്‍ന്ന് ശല്യം ചെയ്തതിന് കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്‌സോ വകുപ്പും ചൂമത്തി.

ഇന്‍സ്റ്റഗ്രാം വഴി കാണാതായ കുട്ടികളുമായി നാല് മാസം മുമ്പാണ് അക്ബര്‍ പരിചയപ്പെടുന്നത്. കുട്ടികളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരെയും ഇയാള്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെയാണ് ഇയാള്‍ കുരുക്കിലാകുന്നത്.

ഇയാളുടെ നമ്പര്‍ നിരീക്ഷിച്ചതില്‍ നിന്നും ഇയാള്‍ മുംബൈയിലേക്കുള്ള ട്രെയിനില്‍ കുട്ടികളോടൊപ്പമുണ്ടെന്ന് വ്യക്തമായിരുന്നു. താനാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കുട്ടികളെ കണ്ടെത്താന്‍ പോലീസുമായി സഹകരിച്ചിരുന്ന ഇയാളെ രാവിലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കരുതല്‍ തടവില്‍വെച്ച് ഇയാള്‍ക്ക് ചോദ്യം ചെയ്യലില്‍ കേസുമായുള്ള ബന്ധം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് രണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെ പരാതികളിന്മേല്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതിനിടെ പെൺകുട്ടികള്‍ മലപ്പുറം സ്നേഹിത കേന്ദ്രത്തില്‍ തുടരുകയാണ്. രക്ഷിതാക്കള്‍ക്ക് കൂടി കൗൺസിലിങ്ങും ബോധവൽക്കരണവും നല്‍കിയ ശേഷം കുട്ടികളെ മാതാപിതാക്കൾക്ക് കൈമാറും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക