02
Oct 2024
Fri
02 Oct 2024 Fri
teacher get fraud phone call about daughter caught with sex racket dies of heart attack

കോളജ് വിദ്യാര്‍ഥിനിയായ മകളെ സെക്‌സ് റാക്കറ്റില്‍ പിടിച്ചുവെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ 1 ലക്ഷം രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് തട്ടിപ്പുസംഘത്തിന്റെ ഫോണ്‍കോള്‍ ലഭിച്ച സ്‌കൂള്‍ അധ്യാപികയായ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയായ മാലതി വര്‍മ(58)യാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് ഉദ്യോഗസ്ഥന്റെ ഡിപി വച്ച വാട്‌സ്ആപ്പില്‍ നിന്ന് തിങ്കളാഴ്ചയാണ് മാലതി വര്‍മയുടെ ഫോണിലേക്ക് കോള്‍ വരുന്നത്. കോളജ് വിദ്യാര്‍ഥിനിയായ മാലതിയുടെ മകളെ സെക്‌സ് റാക്കറ്റിനൊപ്പം പിടികൂടിയെന്നായിരുന്നു വിളിച്ചയാള്‍ പറഞ്ഞത്. ഇതോടെ മാലതി പരിഭ്രാന്തയായി. ഒരുലക്ഷം രൂപ താന്‍ നല്‍കുന്ന അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മകളെ വെറുതെവിടാമെന്നും കേസെടുക്കില്ലെന്നും വിളിച്ചയാള്‍ മാലതിയോടു പറഞ്ഞു. മകളെ സെക്‌സ് റാക്കറ്റ് കേസില്‍ പിടിച്ചുവെന്നറിയുമ്പോളുണ്ടാകുന്ന കുടുംബത്തിന്റെ നാണക്കേട് ഒഴിവാക്കാനാണ് താന്‍ ഇങ്ങനെയൊരു ഓപ്ഷന്‍ മുന്നില്‍ വയ്ക്കുന്നതെന്നും ഇയാള്‍ പറയുകയുണ്ടായി.

ഇതോടെ മാലതി മകന്‍ ദിപാന്‍ഷുവിനെ ഫോണില്‍ വിളിച്ച് വിവരം പറഞ്ഞു. വിളിച്ച നമ്പരേതാണെന്നു ചോദിച്ചപ്പോള്‍ +92 ആണ് നമ്പരിന്റെ തുടക്കമെന്നു മറുപടി പറഞ്ഞതോടെ തട്ടിപ്പുകാരാണ് പിന്നിലെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ദീപാന്‍ഷു അമ്മയെ ആശ്വസിപ്പിച്ചു. സഹോദരിയെ താന്‍ വിളിച്ചിരുന്നുവെന്നും അവള്‍ സുരക്ഷിതയായി കോളജില്‍ തന്നെയുണ്ടെന്നും ദീപാന്‍ഷു അമ്മയോട് പറഞ്ഞു. എന്നാല്‍ മകളെക്കുറിച്ചോര്‍ത്ത് ആശങ്കയിലായ മാലതിക്ക് ശാരീകാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു.

മകള്‍ കോളജില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴേക്കും മാലതിയുടെ നില ഗുരുതരമാവുകയും വെള്ളം കുടിച്ചതിനു പിന്നാലെ മരിക്കുകയുമായിരുന്നു. മൃതദേഹം മറവുചെയ്തതിനു പിന്നാലെ കുടുംബം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തട്ടിപ്പുസംഘത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അഡീഷനല്‍ കമ്മീഷണര്‍ മായങ്ക് തിവാരി പറഞ്ഞു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിവരുന്നതിനിടെയാണ് സമാനമായൊരു തട്ടിപ്പുസംഘത്തിന്റെ ഫോണ്‍കോളില്‍ ആധിപിടിച്ച് അധ്യാപികയ്ക്ക് ജീവന്‍ തന്നെ നഷ്ടമായത്.

 

ALSO READ: വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; വര്‍ധമാന്‍ ഗ്രൂപ്പുടമയ്ക്ക് നഷ്ടമായത് 7 കോടി രൂപ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക