ചൂരല്‍ പ്രയോഗം പാടില്ല! പത്തനംതിട്ടയില്‍ സ്കൂളില്‍ ചൂരല്‍ ഉപയോഗിച്ച അധ്യാപകന് സസ്പെന്ഷന്; പിന്നാലെ അറസ്റ്റും
|
പത്തനംതിട്ട: സ്കൂളില്‍ ചൂരല്‍ ഉപയോഗിച്ച് വിദ്യാര്‍ഥിയെ അടിച്ച അധ്യാപകന് സസ്പെന്‍ഷനും കേസും.ഇടയാറന്മുള എരുമക്കാട് സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ വിദ്യാര്‍ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ച സംഭവത്തില്‍ മെഴുവേലി സ്വദേശിയായ ബിനോജ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ എഇഒയുടെ റിപ്പോര്‍ട്ടും പൊലീസ് കേസ് സംബന്ധിച്ച രേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ആറന്മുള പൊലീസ് ബിനോജ് കുമാറിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കാനുള്ള യാതൊരു അവകാശവും ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്കി. അധ്യാപകന് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്നാണ് ണ്ടെത്തിയിരിക്കുന്നത്. ഇത്തരം സംഭവങ്ങളില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ശക്തമായ നടപടി ഉണ്ടാകുമെന്നും ശിവന്‍കുട്ടി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ക്ലാസില്‍ നല്കിയ പാഠഭാഗങ്ങള്‍ എഴുതിയില്ലെന്ന് പറഞ്ഞ് ചൂരല്‍കൊണ്ട് അധ്യാപകന് കൈയില്‍ അടിച്ചു എന്നാണ് പരാതി. വൈകീട്ട് വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. പൊലീസ് കുട്ടിയുടെ മൊഴിയെടുത്തു.


