ട്രെയിന്‍ തട്ടിമരിച്ച പരിശീലകന്‍ അജ്മലിനെ ഓര്‍മവന്നു; ഫിനിഷിങ് ടച്ചില്‍ കരച്ചിലടക്കാന്‍ കഴിയാതെ അഞ്ജലി; ചിത്രം വൈറല്‍
|
മലപ്പുറം: ഫിനിഷിങ് ടച്ചില്‍ വച്ച് അകാലത്തില്‍ പൊലിഞ്ഞ തന്റെ പരിശീലകനെ ഓര്‍മവന്നതോടെ ഒന്നാമതെത്തിയിട്ടും അഞ്ജലിക്ക് കരച്ചില്‍ നിര്‍ത്താനായില്ല. തന്റെ പരിശീലകനെയോര്‍ത്ത് അവര്‍ നിര്‍ത്താതെ കരഞ്ഞു. മത്സരത്തില്‍ സ്വര്‍ണമണിഞ്ഞെങ്കിലും അഞ്ജലിയുടെ കണ്ണില്‍നിന്നുതിര്‍ന്നത് സന്തോഷ കണ്ണീരായിരുന്നില്ല. ദുഃഖത്തിന്റേതായിരുന്നു. തന്റെ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരിശീലകന്‍ അജ്മല്‍ കൂടെയില്ലല്ലോ എന്ന കണ്ണീര്‍.
തേഞ്ഞിപ്പലത്ത് നടന്ന അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 400 മീറ്ററര്‍ ഓട്ട മത്സരത്തിനിടെയാണ് സംഭവം. ഓട്ടം പൂര്‍ത്തിയാക്കി ആകാശത്തേക്ക് കണ്ണുകള്‍ പായിച്ച് അവള്‍ വിജയനിമിഷത്തിന് നന്ദി പറഞ്ഞു. എന്നാല്‍ അവളുടെ നേട്ടം കാണാന്‍ പ്രിയപ്പെട്ട പരിശീലകന്‍ പാലയ്ക്കമണ്ണില്‍ അജ്മല്‍ ഉണ്ടായിരുന്നില്ല. ജൂണില്‍ അങ്ങാടിപ്പുറത്ത് തീവണ്ടി തട്ടിയായിരുന്നു അജ്മലിന്റെ മരണം.
കുട്ടിക്കാലംമുതല്‍ കായികരംഗത്തുള്ള അഞ്ജലിയെ മികവിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത് മേലാറ്റൂര്‍ ആര്‍എംഎച്ച്എസില്‍ കായികാധ്യാപകനായി അജ്മല്‍ വന്നപ്പോഴാണ്. മേലാറ്റൂര്‍ സ്വദേശികളായ കെ ശശികുമാറിന്റെയും എം ഷൈലജയുടെയും മകളാണ് പ്ലസ്ടു വിദ്യാര്‍ഥിനിയായ അഞ്ജലി.
കോണ്‍ഗ്രസ് എം.എല്‍.എ ടി സിദ്ദീഖ് ഉള്‍പ്പെടെയുള്ളവര്‍ അഞ്ജലിയുടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. അഞ്ജലിക്ക് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്ന് എം.എല്‍.എ ആശംസിച്ചു.


