ശ്രീനഗര്‍: ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണം 28 ആയി. 27 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ പത്തിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ നാലഞ്ച് പേരുടെ നി ഗുരുതരമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. ഭീകരാക്രമണത്തില്‍ മരിച്ച മലയാളി കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി മകന്‍ ഇന്ന് ശ്രീനഗറിലെത്തും.
|
ആറു ഭീകരരാണ് ആക്രമണത്തിനെത്തിയതെന്നും അതില്‍ നാലുപേരാണ് നിറയൊഴിച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് ഭീകരര്‍ക്കായി പഹല്‍ഗാം, ബൈസരണ്‍, സുരക്ഷാസേന വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സംഘം ഇന്ന് പഹല്‍ഗാമിലെത്തും. സ്ഥിതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്ന് പഹല്‍ഗാമിലെത്തുന്നുണ്ട്. ഇന്നലെ കശ്മീരിലെത്തിയ അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമാകെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അതീവ ജാഗ്രത തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡല്‍ഹി പൊലീസ് സുരക്ഷ ശക്തമാക്കി.
ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനാണ് ആക്രമണത്തില്‍ മരിച്ച മലയാളി. ഇടപ്പള്ളി സ്വദേശിയായ എന്‍ നാരായണ മേനോന്റെ മകനാണ്. ഇന്നലെയാണ് അദ്ദേഹം കുടുംബത്തോടൊപ്പം കശ്മീരിലെത്തിയത്. വിദേശത്തുനിന്ന് മകള്‍ എത്തിയതോടെ അവധി ആഘോഷിക്കാനായി രാമചന്ദ്രന്‍, ഭാര്യ ഷീല, മകള്‍ അമ്മു, ഇവരുടെ രണ്ടുമക്കള്‍ എന്നിവര്‍ കശ്മീരിലേക്ക് പോകുകയായിരുന്നു. കുടുംബം സുരക്ഷിതരാണെന്നാണ് വിവരം. പ്രവാസിയായ രാമചന്ദ്രന്‍ രണ്ടുവര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. കൊച്ചിയിലെ നാവിക സേനാ ഉദ്യോഗസ്ഥന്‍ ഹരിയാന സ്വദേശി വിനയ് നര്‍വാളും ഭീകര ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. ശ്രീനഗറിലെത്തിയ അമിത് ഷാ സ്ഥിതി ഗതികള്‍ വിലയിരുത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി നിര്‍മലസീതാരാമനും വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങുന്നുണ്ട്.
Terror Attack In J&K’s Pahalgam latest updates





