23
May 2025
Sat
23 May 2025 Sat
Kozhikkode Medical college medical suprent

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുക ശ്വസിച്ച് അഞ്ചുപേര്‍ മരിച്ചുവെന്ന പ്രചാരണം തള്ളി മെഡിക്കല്‍ സൂപ്രണ്ട് ഡോ ശ്രീജയന്‍. (The deaths at Kozhikode Medical College yesterday were not related to the fire, says the superintendent) പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ലെന്നും അത്യാഹിത വിഭാഗത്തില്‍ പുക ഉയര്‍ന്നതും ഇന്നലെ രാത്രി നടന്ന മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

5 രോഗികളുടെ മരണമാണ് സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് ഇവിടെ കൊണ്ടുവന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. രണ്ടാമത്തെ മരണം വിഷം കഴിച്ച നിലയില്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു യുവതിയുടേതാണ്. വളരെ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. വെന്റിലേറ്ററിലായിരുന്നു. രണ്ട് തവണ ഹൃദയാഘാതം വന്നു. പുക പടര്‍ന്ന ശേഷം യുവതിയെ ആംബുലന്‍സില്‍ അടുത്ത ബ്ലോക്കിലെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നും സൂപ്രണ്ട് പറഞ്ഞു.

മൂന്നാമത്തെ രോഗി മൗത്ത് ക്യാന്‍സര്‍ പേഷ്യന്റാണ്. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലെത്തിയ ഇയാളുടെ മരണം പിന്നീട് സ്ഥിരീകരിച്ചു. നാലാമത്തെ രോഗി കരള്‍, വൃക്ക എന്നിവ തകരാറിലായി എത്തിയതാണ്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ മരണം പ്രതീക്ഷിച്ചതായിരുന്നു.

ALSO READ: ”കുടുംബത്തിന്റെ താങ്ങാവേണ്ട കുട്ടികള്‍ ഹിന്ദുക്കളാണെന്ന് പറഞ്ഞ് തെരുവിലിറങ്ങുന്നു, രാഷ്ട്രീയക്കാര്‍ അവരെ ചൂഷണം ചെയ്യുന്നു”; വിങ്ങിപ്പൊട്ടി കൊല്ലപ്പെട്ട സുഹാസിന്റെ പിതാവ്

അഞ്ചാമത്തെ രോഗി ന്യൂമോണിയയും രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലുമാണെത്തിയത്. രാത്രി 7.40ന് ഈ രോഗിയുടെ മരണം സ്ഥിരീകരിച്ചെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇന്നലെ നടന്ന മരണങ്ങള്‍ക്ക് പുക ഉയര്‍ന്നുണ്ടായ അപകടവുമായി യാതൊരു വിധ ബന്ധവുമില്ല എന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്രി ഏഴരയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിക്കുകയായിരുന്നു.

അതേ സമയം, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ അവരെ സുരക്ഷിതരായി മറ്റ് സ്ഥലത്തേയ്ക്ക് മാറ്റാനും നിര്‍ദേശം നല്‍കുകയായിരുന്നു.

അപകടമുണ്ടായിട്ടില്ലെന്ന വാദം വിശ്വസനീയമല്ലെന്ന് എംഎല്‍എ

മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ രോഗികള്‍ മരിച്ചെന്ന ആരോപണവുമായി എംഎല്‍എ ടി സിദ്ദീഖ്. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീ മരിച്ചെന്നും അവരുടെ മൃതശരീരം കണ്ടെന്നും എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു. അപകടമൊന്നുമുണ്ടായിട്ടില്ലെന്ന കാര്യം വിശ്വസനീയമല്ലെന്നും സിദ്ദീഖ് പറഞ്ഞു.

‘കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികള്‍ പറയുകയുണ്ടായി. രോഗികള്‍ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല. എന്റെ മണ്ഡലത്തിലെ മേപ്പാടിയില്‍ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. മൂന്ന് പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു’, അദ്ദേഹം പറഞ്ഞു.