
തിരുവനന്തപുരം: കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചത് സ്‌കൂളിലെ ക്ലര്‍ക്കിന്റെ പീഡനമെന്ന് ആരോപിച്ച് കുടുംബം. കുട്ടിയെ ക്ലര്‍ക്ക് മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആര്‍ഡിഒയെ അറിയിച്ചു.
![]() |
|
പ്രൊജക്റ്റ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സ്‌കൂളിലെ ക്ലര്‍ക്കുമായി വാക്കു തര്‍ക്കം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയായ ബെന്‍സണ്‍ എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു.
കുറ്റിച്ചല്‍ സ്വദേശികളായ ബെന്നി ജോര്‍ജിന്റെയും സംഗീതയുടെയും മകനാണ് എബ്രഹാം ബെന്‍സണ്‍. ഇന്നലെ രാത്രി കാണാതായ ബെന്‍സണെ രാവിലെ ആറുമണിയോടെയാണ് സ്‌കൂളിലെ ശുചിമുറിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രോജക്ട് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം കുട്ടിയെ മാനസികമായി തകര്‍ത്തുവെന്നു ഇതാണ്മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
തര്‍ക്കം ഉണ്ടായ കാര്യം ബെന്‍സണ്‍ പറഞ്ഞിരുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌കൂളില്‍ ജോലിചെയ്യുന്ന ക്ലാര്‍ക്ക് സനലിനെതിരെയാണ് ആരോപണം. ക്ലര്‍ക്കിനോട് വിശദീകരണം ചോദിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ആരോപണ വിധേയനായ ക്ലര്‍ക്ക് ഇന്ന് അവധിയിലാണെന്നും വിഷയത്തില്‍ ക്ലര്‍ക്കിനോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായി ഒന്നും പറഞ്ഞില്ലെന്നും പ്രിന്‍സിപ്പള്‍ പ്രീത ആര്‍ ബാബു പറഞ്ഞു.
സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഡെപ്യൂട്ടി ഡയറക്ടര്‍ ഉബൈദുള്ളക്കാണ് അന്വേഷണ ചുമതല.
കുടുംബത്തിന്റെ ആരോപണം അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി ആര്‍ഡിഒ അറിയിച്ചു. മരണത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.