32000 യുവതികളെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോയെന്നതടക്കമുള്ള വ്യാജ വിദ്വേഷ പ്രചാരണങ്ങളുമായി ദ കേരള സ്റ്റോറീസ് ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കാന്‍ സുപ്രിംകോടതി രണ്ടാം തവണയും വിസമ്മതിച്ചതോടെയാണ് വിദ്വേഷ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തുന്നത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ചയാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹുസേഫ അഹമ്മദിയാണ് ചിത്രത്തിനെതിരേ കോടതിയെ സമീപിച്ചത്.
|
എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാവിന്റെയും അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും സ്ഥാനത്ത് നിന്ന് ചിന്തിക്കുക. എത്ര വെല്ലുവിളികള്‍ നേരിട്ടായിരിക്കും അവര്‍ ചിത്രം പൂര്‍ത്തീകരിച്ചിട്ടുണ്ടാവുമെന്നുമുള്ള മറുചോദ്യമാണ് സുപ്രിംകോടതി ഹരജിക്കാരനോട് ആരാഞ്ഞത്. അവരുടെ അധ്വാനത്തെ കുറിച്ച് ചിന്തിക്കുക. സിനിമയെക്കുറിച്ച് പറയുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. സിനിമയുടെ നിലവാരം പ്രേക്ഷകര്‍ തീരുമാനിക്കുമെന്നും ചീഫ് കോടതി പറയുകയുണ്ടായി.
കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മുഖേന നല്‍കിയ സമാന ഹരജി സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ഫിലിം ബോര്‍ഡാണെന്നും അതിനെതിരേ സമീപിക്കേണ്ടത് ബോര്‍ഡിനെയാണെന്നും വ്യക്തമാക്കിയ കോടതി ഹൈക്കോടതിയെയാണ് ആദ്യം സമീപിക്കേണ്ടിയിരുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ സാവകാശമില്ലാത്തതിനാലാണ് സുപ്രിംകോടതിയിലെത്തിയതെന്ന വിശദീകരണം അഭിഭാഷകന്റെ കോടതി അംഗീകരിച്ചില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരള ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തുവെങ്കിലും അവധിക്കാല ജഡ്ജി ഇന്ന് ഹരജി പരിഗണിക്കാന്‍ തയ്യാറാകാത്തതോടെയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഹരജി തള്ളിയ സുപ്രിംകോടതി ഹൈക്കോടതിയുടെ മുന്നില്‍ വെള്ളിയാഴ്ച രാവിലെ വീണ്ടും വിഷയം ഉന്നയിക്കാന്‍ ഹരജിക്കാരോട് നിര്‍ദേശിച്ചു. എന്നാല്‍ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ഹര്‍ജി അപ്രസക്തമാകുമെന്ന് ഹര്‍ജിക്കാരനായ ഹുസേഫ അഹമ്മദി വ്യക്തമാക്കി.
32000 യുവതികളെ മതംമാറ്റി സിറിയയില്‍ അയച്ചുവെന്ന സിനിമയുടെ ടീസറിലെ യുട്യൂബ് വിവരണത്തിനെതിരേ പ്രതിഷേധമുയരുകയും ഇതിനു തെളിവ് നല്‍കിയാല്‍ കോടിയിലേറെ രൂപ പാരിതോഷികമായി നല്‍കുമെന്നുമുള്ള വാഗ്ദാനം ഉണ്ടാവുകയും ചെയ്തതോടെ എണ്ണം 3 എന്നാക്കി അണിയറ പ്രവര്‍ത്തകര്‍ കുറച്ചിരുന്നു.


