തിരുവനന്തപുരം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കനത്ത മഴപെയ്യുന്നു. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മൂന്നിടത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും അവധി പ്രഖ്യാപിച്ചിട്ടില്ല.
എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎംല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം.
|
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മധ്യകേരളത്തില്‍ രാവിലെ മുതല്‍ കനത്ത മഴയാണ്. മഴയെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമായി. കൊച്ചിയില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. പുലര്‍ച്ചെ രണ്ടുമണി മുതല്‍ മഴയാണ്. കലൂര്‍, ഇടപ്പള്ളി, പാലാരിവട്ടം മേഖലകളില്‍ ഇതോടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ജോലിക്ക് പോകുന്നവരും സ്‌കൂളില്‍ പോകുന്ന കുട്ടികളും ഉള്‍പ്പെടെ പ്രദേശവാസികളെ ആകെ വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കി.
മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. നദികളുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 1.7 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് വൈകീട്ട് 05.30 വരെ 1.6 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഈ മാസം ഏഴ് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


