20
Jun 2025
Fri
20 Jun 2025 Fri
Covid cases in India

ന്യൂഡല്‍ഹി: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ അയ്യായിരം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 5,364 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇന്ന് രാവിലെ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1679 കോവിഡ് കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 615 കേസുകളുമായി ഗുജറാത്ത് രണ്ടാമതും 596 കേസുകളുമായി പശ്ചിമബംഗാള്‍ മൂന്നാമതുമാണ്. ഡല്‍ഹി 562 കേസുകളുമായി നാലാമതും ഉണ്ട്.
498 പേര്‍ക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ മാത്രം രണ്ടുപേരും മരിച്ചു. 74 വയസുകാരിയും 79 വയസുകാരനുമാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>
Covid cases in India

Covid cases in India

ഭയപ്പേണ്ട, ജാഗ്രത മതി

ഒമിക്രോണ്‍ വിഭാഗത്തിലെ ഒമിക്രോണ്‍ ജെഎന്‍. 1 വകഭേദമായ എല്‍എഫ്. 7 ആണ് വ്യാപിക്കുന്നത്. ഭയപ്പെടേണ്ട വകഭേദമല്ലെങ്കിലും ശ്രദ്ധാപൂര്‍വം നിരീക്ഷിക്കേണ്ട ഗണത്തിലാണ് ലോകാരോഗ്യ സംഘടന എല്‍എഫ്. 7 നെ ഉള്‍പ്പെടുത്തിയത്. ചൈന ഉള്‍പ്പെടെയുള്ള ഏഷ്യയിലെ പലരാജ്യങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് പിന്നിലും ഈ വകഭേദങ്ങളാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. പ്രായം കൂടിയവര്‍, നിയന്ത്രണമില്ലാത്ത പ്രമേഹം, അമിതരക്തസമ്മര്‍ദം, ആസ്ത്മ, സിഒപിഡി പോലുള്ള ദീര്‍ഘകാല ശ്വാസകോശരോഗങ്ങള്‍ എന്നിവയുള്ളവര്‍ ജാഗ്രത പുലര്‍ത്തണം.

സംസ്ഥാനങ്ങളോട് ഒരുങ്ങാന്‍ നിര്‍ദേശം

കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കങ്ങള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രികളില്‍ ഓക്‌സിജന്‍, ഐസൊലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍, അവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ചികിത്സതേടിയെത്തുന്ന രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തണം. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആണെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യണം. രോഗലക്ഷണമുള്ള കൂട്ടിരിപ്പുകാരും ആരോഗ്യജീവനക്കാരും കോവിഡ് ടെസ്റ്റ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

The total number of Covid cases in India has crossed five thousand.