ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വീണ്ടും വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ രാജി. (Third YSR Congress MP resigns from Rajya Sabha) ആര്‍ കൃഷ്ണയ്യ ആണ് ഏറ്റവുമൊടുവില്‍ രാജിവച്ചത്. മൂന്നാമത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് രാജ്യസഭയില്‍ നിന്നും രാജി പ്രഖ്യാപിക്കുന്നത്.
|
പിന്നാക്ക വിഭാഗ നേതാവായ ആര്‍ കൃഷ്ണയ്യ കൂടി രാജിവെച്ചതോടെ വെട്ടിലായിരിക്കുകയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി. എംപിമാരുടെ രാജിക്കു പിന്നില്‍ ബിജെപിയുടെ ചരട് വലിയുണ്ടെന്നാണ് ആരോപണം.
ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടിക്ക് ഒരു എംപി പോലുമില്ലാതിരുന്ന സമയത്ത് രാജ്യസഭയില്‍ 11 അംഗങ്ങളായിരുന്നു വൈഎസ്ആര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. തുടര്‍ച്ചയായ രാജി രാജ്യസഭയില്‍ ഉപതിരഞ്ഞെടുപ്പിലേക്കു നയിക്കും. ഇത് എന്‍ഡിഎക്കും ബിജെപിക്കും അംഗസംഖ്യ വര്‍ധിപ്പിക്കുമെന്നാണു നിരീക്ഷണം.
പാര്‍ട്ടി മാറ്റത്തിന് പേരുകേട്ടയാളാണ് പിന്നാക്ക വിഭാഗം നേതാവും മുന്‍ എംഎല്‍എയുമായ കൃഷ്ണയ്യ. 2014ല്‍ തെലങ്കാനയിലെ ടിഡിപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. പിന്നീട് 2022ല്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള വൈഎസ്ആര്‍സിപി എംപിയായി. ഇക്കുറി ബിജെപിക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകളും നിലനില്‍ക്കുന്നുണ്ട്.
ആഗസ്ത് 29ന് രണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരായ വെങ്കട്ടരാമണ റാവു, ബീദ മസ്‌കാന്‍ റാവു എന്നിവര്‍ രാജിവച്ചിരുന്നു. ഇരുവരും എന്‍ഡിഎ സഖ്യകക്ഷിയായ ടിഡിപിക്കൊപ്പം ചേരാനാണ് സാധ്യത.





