- ഗഫൂര്‍കൊടിഞ്ഞി
1921 ആഗസ്റ്റ് ഇരുപതിന് തിരൂരങ്ങാടി വെടിവെപ്പ് നടന്നതിന്റെ നൂറ്റിനാലാം ഓര്‍മ്മ ദിനമാണിന്ന്. മലബാറിന്റെ ചരിത്രത്തില്‍ നിലക്കാത്ത വിവാദങ്ങളായും വിമര്‍ശനങ്ങളായും ഇന്നും പല വിധ പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്തു കൊണ്ടിരിക്കുന്ന ആ കലാപത്തിന് നാന്ദി കുറിച്ചത് പന്താരങ്ങാടിയില്‍ നിന്നായിരുന്നു.
|
1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും അലി സഹോദരന്മാരും പങ്കെടുത്ത ഖിലാഫത്ത് സമ്മേളനം കോഴിക്കോടിനെ ഇളക്കിമറിച്ചു. ഈ സമ്മേളനത്തിലേക്ക് ഏറനാട്ടില്‍ നിന്നും വള്ളുവനാട്ടില്‍ നിന്നും ആബാലവൃദ്ധം ജനങ്ങള്‍ ഒഴുകിയെത്തിയിന്നു. മലബാറില്‍ പ്രസ്ഥാനം സജീവമാകുന്നത് ഈ യോഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു.
ആലി മുസ്ല്യാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മത് ഹാജിയുമൊക്കെ വേദിയുടെ മുന്‍ നിരയില്‍ തന്നെ ഇടം പിടിച്ചിരുന്നു. അങ്ങിനെയാണ് നാടുനീളെ ഖിലാഫത്ത് കമ്മറ്റികള്‍ രൂപം കൊണ്ടത്. പ്രസ്ഥാനത്തിന്റെ ഏറ്റവും ഊര്‍ജ്ജസ്വലമായ തട്ടകമായി തിരൂരങ്ങാടിയിലെ പപ്പടത്തെരുവ് മാറി. അവിടെ തന്നെയായിരുന്നു ഖിലാഫത്ത് കമ്മറ്റി ആപ്പീസ്. മലബാറിന്റെ ഒരു സുപ്രധാന വ്യാപാര കേന്ദ്രവുമായിരുന്നു അവിടം.

കടലുണ്ടിപ്പുഴ വഴി വിദൂരദേശങ്ങളില്‍ നിന്നു പോലും ചരക്കുകള്‍ വന്നെത്തുന്ന ഒരു വലിയ മാര്‍ക്കറ്റായിരുന്നു അന്നിവിടം. പപ്പടത്തെരുവിന് താഴെ എരണിപ്പിലാവ് കടവ് സദാ ഉണര്‍ന്നിരുന്നു. കടലുണ്ടി പുഴയുടെ ഓളങ്ങളിലൂടെ ജലനൗകകള്‍ ഒഴുകി നടന്നു. കടവില്‍ കെട്ടുവള്ളങ്ങള്‍ മലഞ്ചരക്കുകളും അരി സാമാനങ്ങളുമായി നിരന്തരം വന്നു പൊയ്ക്കാണ്ടിരുന്നു. ദൂരദേശ യാത്രക്കാര്‍ വഞ്ചികളില്‍ പെരിന്തല്‍മണ്ണയിലേക്കും മലപ്പുറത്തേക്കും മറ്റും ഇതുവഴി യാത്ര ചെയ്തു. ഈ അങ്ങാടിയില്‍ തന്നെയായിരുന്നു. ആലി മുസ്ല്യാര്‍ ദറസ് നടത്തിയിരുന്ന കിഴക്കേ പള്ളി.
ആലി മുസ്ല്യാരുടെ സാന്നിദ്ധ്യവും ഉപദേശ നിര്‍ദ്ദേശങ്ങളും ഖിലാഫത്ത് പ്രസ്ഥാനത്തിന് ഊടുംപാവുമായി മാറി. ഇത് ബ്രിട്ടീഷുകാരെ വിളറി പിടിപ്പിച്ചു. മുസ്ല്യാരേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ആഗസ്റ്റ് 19 ന് കലക്റ്റര്‍ തോമസും മലബാര്‍ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കും അസിസ്റ്റന്റ് സൂപ്രണ്ട് ആമുവും അടക്കം വലിയൊരു സംഘം തിരൂരങ്ങാടി ഹുജൂര്‍ കച്ചേരിയില്‍ തമ്പടിച്ചത്.
പിറ്റേന്ന് രാവിലെ ആമു സൂപ്രണ്ടും ചില പട്ടാള ഓഫീസര്‍മാരും ആലി മുസ്ല്യാര്‍ ദറസ് നടത്തുന്ന തിരൂരങ്ങാടി കിഴക്കേ പള്ളിയിലേക്ക് കയറി ചെന്നു. പക്ഷെ ആലി മുസ്ല്യാരെ കണ്ടെത്താനായില്ല. പകരം സുബഹി നിസ്‌കാരത്തിന് എത്തിയ മൂന്നാളുകളെ അവിടെ നിന്നവര്‍ പിടിച്ചു കൊണ്ടുപോയി.

ഇത് വലിയ വിവാദമായി. തിരൂരങ്ങാടി പള്ളി പട്ടാളം അനാദരിച്ചതില്‍ പ്രതിഷേധം കനത്തു. പള്ളി കയ്യേറി എന്ന് നാടാകെ പ്രചരിച്ചു. ക്രമേണ മമ്പുറം പള്ളി ആക്രമിക്കപ്പെട്ടു എന്നും അതല്ല മമ്പുറം പള്ളി തന്നെ തകര്‍ത്തു എന്നുവരെ കിംവദന്തികള്‍ പരന്നു. ഈ കിംവദന്തികള്‍ പരത്തിയത്
ബ്രിട്ടീഷുകാരുടെ പിണയാളുകള്‍ തന്നെ
ആയിരുന്നു എന്ന അഭിപ്രായമുണ്ട്.
നിജസ്ഥിതി അറിയാന്‍ മലബാറിന്റെ നാനാ ഭാഗത്ത് നിന്നും ആളുകള്‍ തിരൂരങ്ങാടിയിലേക്ക് കുതിച്ചു.താനൂരും ഈ വാര്‍ത്തയെത്തി. അന്ന് ഖിലാഫത്ത് സേനയുടെ മറ്റൊരു ഈറ്റില്ലമായിരുന്നു താനൂര്‍. അവിടെ നിന്ന് ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ല്യാര്‍ക്കും ഉമൈമമാനകത്ത് കുഞ്ഞിഖാദര്‍ക്കുമൊപ്പം ആയിരക്കണക്കിന് ആളുകള്‍ ഖിലാഫത്ത് കൊടിയേന്തി പരപ്പനങ്ങാടി വഴി തിരൂരങ്ങാടിയിലേക്ക് നീങ്ങി. അവരെ പന്താരങ്ങാടി പള്ളിക്ക് മുന്നില്‍ വെച്ച് പോലീസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന വെടിവെപ്പില്‍ നാലാളുകള്‍ മരിച്ചുവീണു. പത്തിലധികം ആളുകള്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. കുഞ്ഞിക്കാതറിനെയും കുറേ ആളുകളേയും അറസ്റ്റ് ചെയ്തു. 1921 ആഗസ്റ്റ് 20ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പന്താരങ്ങാടിയില്‍ നടന്ന ഈ വെടിവെപ്പാണ് മലബാര്‍ കലാപത്തിന് തിരി കൊളുത്തിയത്.

പിന്നീട് ഉച്ചക്ക് ശേഷം പള്ളിയില്‍ നിന്ന് അറസ്റ്റ് ചെയ്തവരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് കിഴക്ക് ഭാഗത്ത് തമ്പടിച്ച ആളുകള്‍ ഹുജൂര്‍ കച്ചേരി ലക്ഷ്യം വെച്ച് നീങ്ങി. അന്ന് കോട്ടക്കല്‍ ചന്ത ദിവസമായിരുന്നതിനാല്‍ ധാരാളം ആളുകള്‍ ഇരമ്പിയാര്‍ത്ത് തിരൂരങ്ങാടിയുടെ കിഴക്ക് ഭാഗത്ത്
ഒത്തുകൂടിയിരുന്നു.
ഹുജൂര്‍ കച്ചേരിയിലേക്ക് കുതിച്ച ഈ ജനക്കൂട്ടത്തെ ഇന്‍സ്‌പെക്റ്റര്‍ റൗലിയും സംഘവും ചെമ്മാടിനും മമ്പുറത്തിനുമിടക്ക് റോട്ടില്‍ തടഞ്ഞു. റൗലി ജനക്കൂട്ടത്തോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് തുരുതുരാ വെടി വെപ്പായിരുന്നു.പതിനേഴ് ആളുകള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി വെക്കാന്‍ ആജ്ഞാപിച്ച റൗലിയേയും സബ്ബ് ഇന്‍സ്‌പെക്റ്ററര്‍ ജോണ്‍സണേയും രണ്ട് പോലീസുകാരെയും പിന്നീട് സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

വൈകുന്നേരം തിരൂരങ്ങാടിയിലെ നരനായാട്ടു കാണാന്‍ മലപ്പുറത്ത് നിന്ന് മോട്ടോര്‍ബൈക്കില്‍ വരികയായിരുന്ന റീഡ്മാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനേയും അയാളെ അനുഗമിച്ച കുഞ്ഞാലി എന്ന പോലീസുകാരനേയും പനമ്പുഴ കടവില്‍ വെച്ച് ആള്‍ക്കൂട്ടം കല്ലെറിഞ്ഞു കൊന്നു.
കലുഷിതമായ തിരൂരങ്ങാടിയില്‍ ഇനി തുടരാനാവില്ല എന്ന് മനസിലാക്കിയ ബ്രിട്ടീഷുകാരും സില്‍ബന്ധികളും പിറ്റേന്ന്, രാവിലെ അറസ്റ്റു ചെയ്തവരേയും കൊണ്ട് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പരപ്പനങ്ങാടി റെയില്‍ പാളങ്ങള്‍ ലഹളക്കാന്‍ തകര്‍ത്തത് കാരണം അവര്‍ റയില്‍വെ ലൈനിലൂടെ
കോഴിക്കോട്ടേക്ക് നടന്നു. ഈ യാത്രയില്‍ അവരെ അനുഗമിച്ച എഴുപതോളം ആളുകളെ പട്ടാളം വെടി വെച്ചു കൊന്നു.

ബ്രിട്ടീഷുകാര്‍ തിരൂരങ്ങാടിവിട്ട് ഓടിയപ്പോള്‍ ഹുജൂര്‍കച്ചേരി ഒഴിഞ്ഞു കിടന്നു. ഭരണം ഇല്ലാതായി. നാട്ടില്‍ അരാചകത്വം വിളയാടി. മുതലെടുപ്പുകാര്‍ രംഗത്തിറങ്ങി. നാട് കെലകൊപാതകങ്ങളിലേക്കും കൊള്ളയിലേക്കും നീങ്ങുന്നത് കണ്ട് സമാധാനം പുന:സ്ഥാപിക്കാനായി ആലി മുസ്ലിയാര്‍ രംഗത്തിറങ്ങി. ബ്രിട്ടിഷ്പക്ഷത്തും ജന്മി പക്ഷത്തും നില്‍ക്കുന്നവരുടെ വീടുകള്‍ക്കും ഹുജൂര്‍കച്ചേരിക്കും മുസ്ല്യാര്‍ കാവല്‍ ഏര്‍പ്പെടുത്തി.
പക്ഷേ 1921 ഓഗസ്റ്റ് 30ന് പട്ടാളം തിരിച്ചുവരികയും ആലിമുസ്ല്യാര്‍ സമാന്തരഭരണം നടത്തി എന്നാരോപിച്ച് മമ്പുറംപള്ളി വളയുകയും ചെയ്തു. പട്ടാളം പള്ളിക്ക് നേരെ വെടിവെപ്പ് ആരംഭിച്ചു. അതിനെ തുടര്‍ന്ന് ആലി മുസ്ലിയാര്‍ക്ക് വെള്ളക്കൊടി വീശി കീഴടങ്ങേണ്ടി വന്നു. പിന്നീട് ആലി മുസ്ലിയാരെ കോയമ്പത്തൂരില്‍ ജയിലില്‍ വച്ച് തൂക്കിക്കൊല്ലുകയാണുണ്ടായത്.
ഈ സംഭവത്തിനു ശേഷം മലബാര്‍ ആകെ കലുഷിതമായി. മലബാറില്‍ മാലപടക്കം പോലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി രംഗത്തിറങ്ങി. ഏറനാടും വള്ളുവനാടും കലങ്ങി മറിഞ്ഞു. കുഞ്ഞഹമ്മദാജി ബ്രിട്ടീഷ് പോലീസിന്റെ ആധിപത്യത്തിനെതിരെ ആക്രമാസക്തമായ പോരാട്ടം തന്നെ നടത്തി. മഞ്ചേരി ഖജാന പൊളിച്ച് ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ചു. ഹാജി സ്വന്തമായി പാസ്‌പോര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തി. അങ്ങനെ ഖിലാഫത്ത് ഭരണം ആറുമാസം സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടത്തെ വിറപ്പിച്ചു.

ഒടുവില്‍ കല്ലാമൂലയില്‍ വെച്ച് അദ്ദേഹവും ചതിയില്‍ പിടിക്കപ്പെട്ടു. മലപ്പുറം കോട്ടക്കുന്നില്‍ വച്ച് ഹാജിയെ വിചാരണ നടത്തി നിഷ്ഠൂരമായി വെടിവെച്ചു കൊന്നു. അതോടു കൂടി കലാപവും കെട്ടടങ്ങി.
ഒരേ സമയം കൊളോണിയലിസത്തിനും
ജന്മിത്ത്വത്തിനുമെതിരിലുളള തുല്യതയില്ലാത്ത പോരാട്ടമായിരുന്നു അത്.ഒരു നൂറ്റാണ്ട് മുന്‍പ് നടന്ന ഈ സംഭവം ചരിത്രത്തില്‍ ഒരു കണ്ണീര്‍ കണമായി ഇന്നും അവശേഷിക്കുന്നു.
Thirurangadi firing: Anti-Colonial Violence in the 1921 Malabar Rebellion
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





