പോപുലർഫ്രണ്ട് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വോളണ്ടിയർ മാർച്ചിനെ അനുഗമിച്ച ബഹുജനറാലിയിൽ വൻ സ്ത്രീസാന്നിധ്യം. ബഹുജനറാലിയുടെ മുൻനിരയിൽ പതിനായിരക്കണക്കിന് സ്ത്രീകളാണ് അണിനിരന്നത്. അഭൂതപൂർവമായ സ്ത്രീസാന്നിധ്യമായിരുന്നു ബഹുജനറാലിയിലുണ്ടായത്.
|
കോഴിക്കോട് സ്‌റ്റേഡിയം പരിസരത്തുനിന്ന് വൈകീട്ട് 4.30ന് ആരംഭിച്ച വോളണ്ടിയർ മാർച്ചിന് പിന്നിലായാണ് ബഹുജനറാലി സമ്മേളനഗരിയായ ബീച്ചിലേക്കുള്ള യാത്ര തുടങ്ങിയത്.
ബഹുജനറാലി ആരംഭിച്ച് ഏറെനേരം പിന്നിട്ടിട്ടും സ്ത്രീകളുടെ നിരകൾ അവസാനിച്ചിരുന്നില്ല. കുട്ടികളടക്കമുള്ളവരും റാലിയിൽ അണിനിരന്നിരുന്നു. പോപുലർ ഫ്രണ്ട് ബഹുജനപങ്കാളിത്വം ഏവരെയും അമ്പരിപ്പിക്കുന്നതു തന്നെയായിരുന്നു.
ആലപ്പുഴയിൽ നടന്ന ജനമഹാസമ്മേളനഭാഗമായി ചെറിയ കുട്ടി വിളിച്ച പ്രകോപന മുദ്രാവാക്യത്തിന്റെ പേരിൽ പോപുലർ ഫ്രണ്ട് സംസ്ഥാന നേതാക്കളും കുട്ടിയുടെ പിതാവും അടക്കം മുപ്പതിലേറെ പേരെയാണ് ജയിലിൽ അടച്ചിരുന്നത്.
പോപുലർഫ്രണ്ട് പരിപാടിയിലെ അനൗദ്യോഗിക മുദ്രാവാക്യം വിളിയുടെ പേരിൽ നടത്തിയ പൊലീസ് വേട്ട പൊതുജനങ്ങളുടെ അടക്കം എതിർപ്പിനും വിമർശനത്തിനും കാരണമായിരുന്നു. ഇന്നു കോഴിക്കോട്ടേക്ക് ഒഴുകിയെത്തിയ സ്ത്രീജനങ്ങൾ അടക്കമുള്ളവരുടെ പങ്കാളിത്തം അതിനാൽ തന്നെ പോപുലർ ഫ്രണ്ടിന്റെ ശക്തിപ്രകടനം കൂടിയായി മാറി.



