പറവൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. ചെറിയപല്ലംതുരുത്ത് മരോട്ടിക്കല്‍ ബിജു-കവിത ദമ്പതികളുടെ മകള്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ശ്രീവേദ, കവിതയുടെ സഹോദര പുത്രന്‍ മന്നം തളിയിലംപാടം വീട്ടില്‍ ബിനു-നിത ദമ്പതികളുടെ മകന്‍ അഭിനവ് എന്ന കണ്ണന്‍(13), കവിതയുടെ സഹോദരി ഇരിങ്ങാലക്കുട പൊറുത്തശേരി കടുങ്ങാടന്‍ വീട്ടില്‍ വിനിത-രാജേഷ് ദമ്പതികളുടെ മകന്‍ ശ്രീരാഗ്(13) എന്നിവരാണ് പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
|
പറവൂരിലെ മുസിരിസ് പൈതൃക ബോട്ട് ജെട്ടിയും ചന്തയും പ്രവര്‍ത്തിക്കുന്ന തട്ടുകടവ് പുഴയില്‍ പാലത്തിനു സമീപം ശനിയാഴ്ചയാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ സൈക്കിളില്‍ പുഴയോരത്ത് എത്തിയത്. കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലൊടുവിലാണ് മുങ്ങിമരിച്ചതായി സംശയമുണ്ടാവുകയും തിരച്ചിലിനൊടുവില്‍ രാത്രി വൈകി മൂന്നു കുട്ടികളുടെയും മൃതദേഹം കണ്ടെത്തുകയും ചെയ്തത്. മൃതദേഹങ്ങള്‍ പറവൂര്‍ താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ശ്രീവേദ പറവൂര്‍ ഗവ. എല്‍പിജി സ്‌കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി: നിവേദിത. അഭിനവ് പുല്ലംകുളം എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമേയയാണ് സഹോദരി. ശ്രീരാഗിന്റെ സഹോദരന്‍ ശ്രീരാജ്.
മറ്റൊരു അപകടത്തില്‍ മാമലശേരി പയ്യാറ്റില്‍ കടവില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കില്‍ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ് ആര്‍. മുല്ലമലയെ(42) ആണു ഇന്നലെ വൈകിട്ട് കാണാതായത്.
സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണല്‍പ്പരപ്പില്‍ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.





