07
Nov 2023
Fri
07 Nov 2023 Fri

‘മണിപ്പൂര്‍ കലാപം ഒരിക്കലും മറക്കില്ല’; തൃശൂര്‍ പിടിക്കാനൊരുങ്ങുന്ന ബിജെപിക്കും സുരേഷ് ഗോപിക്കും മുന്നറിയിപ്പ് നല്‍കി തൃശൂര്‍ അതിരൂപത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: ‘തൃശൂര്‍ പിടിക്കാനൊരുങ്ങുന്ന’ ബിജെപിയോടും സുരേഷ് ഗോപിയോടും മണിപ്പൂര്‍ കലാപം ഓര്‍മിപ്പിച്ച് തൃശൂര്‍ അതിരൂപത. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപത മുന്നറിയിപ്പ് നല്‍കി. മണിപ്പൂര്‍ കലാപസമയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്ന് അതിരൂപതയുടെ മുഖപത്രമായ ‘കത്തോലിക്കാ സഭ’യിലെ ലേഖനം ഓര്‍മിപ്പിച്ചു.

മണിപ്പൂരിനെ മറച്ചുപിടിച്ചുകൊണ്ടുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണെന്ന് പറയുന്ന ലേഖനം, മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കേണ്ടെന്നും അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്നുമുള്ള സുരേഷ് ഗോപിയുടെ പ്രസ്താവനയെയും രൂക്ഷമായി വിമര്‍ശിച്ചു.

മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്ന് സഭാ മുഖപത്രം ചോദിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങല്‍ ഉണ്ടാകുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും പത്രം പറയുന്നു.

സഭ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കം മുഖലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലെ സര്‍ക്കാര്‍ നിഷ്‌ക്രിയത്വം ആക്രമികള്‍ക്കുള്ള ലൈസന്‍സ് ആയിരുന്നു. അത് ജനാധിപത്യ ബോധമുള്ളവര്‍ക്ക് മറക്കാന്‍ പറ്റുന്നതല്ല. അതിനാല്‍, മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. സ്വന്തം പാര്‍ട്ടിക്ക് തൃശൂരില്‍ പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ പ്രസ്താവനക്കാരന്‍ തൃശൂരില്‍ ‘ആണാകാ’ന്‍ വരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ല. സമാധാനം പുനഃസ്ഥാപിക്കാന്‍ ഒരക്ഷരം ഉരിയാടിയില്ല. മുന്നൂറോളം ക്രൈസ്തവ ദേവാലയങ്ങള്‍ മണിപ്പൂരില്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ എന്തുകൊണ്ട് മൗനം പാലിച്ചെന്നത് ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകും. ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും ഹിന്ദു വര്‍ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ ഈ മൗനം പ്രകടമാകുന്നുണ്ട്. എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ പ്രകടിപ്പിക്കാറുണ്ടെന്നും ‘കത്തോലിക്കാസഭ’ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക