20
Apr 2026
Mon
20 Apr 2026 Mon
Thrissur pooram kodiyettam

Thrissur pooram kodiyettam തൃശൂര്‍: കാഴ്ചകളുടെ വിസ്മയങ്ങളുമായിതൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവമ്പാടിയില്‍ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവില്‍ 11.30 നുമാണ് കൊടിയേറിയത്. കൊടിയേറ്റത്തോട് അനുബന്ധിച്ച് വിവിധ പൂജകളും പ്രാര്‍ഥനകളും ഇരു ക്ഷേത്രങ്ങളിലും നടന്നു. നൂറുകണക്കിന് ആളുകളാണ് കൊടിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്.

ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാലിലും, നായ്ക്കനാലിലും, നടുവിലാലിലും, പാറമേക്കാവിലെ പാലമരത്തിലും ദേശക്കാര്‍ കൊടി നാട്ടി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളില്‍ പല സമയങ്ങളിലാണ് കൊടിയേറ്റ്.

ALSO READ: വടകരയില്‍ ലീഗ്-സിപിഎം സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്

തിരുവമ്പാടി ക്ഷേത്രത്തില്‍ പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണ് ചടങ്ങ്. കൊടിമരം നിര്‍മിക്കാനുള്ള കവുങ്ങ് ഇന്നലെ രാവിലെ 9ന് പാട്ടുരായ്ക്കല്‍ ജങഷനില്‍ നിന്നു ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിച്ചു.

കൊടിയേറ്റശേഷം ഉച്ചയ്ക്കു 3ന് ക്ഷേത്രത്തില്‍നിന്നു പൂരം പുറപ്പാട് നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. തുടര്‍ന്ന് നായ്ക്കനാലിലെ ചെറിയ ആല്‍മരത്തിലും നടുവിലാലിലും തിരുവമ്പാടിയുടെ പൂരപ്പതാകകള്‍ ഉയരും. ശ്രീകൃഷ്ണന്റെയും ഭഗവതിയുടെയും സാന്നിധ്യം സൂചിപ്പിക്കുന്ന നീല, മഞ്ഞ നിറങ്ങളിലുള്ള കൊടികളാണ് ഉയര്‍ത്തുക. തുടര്‍ന്നു പൂരം പുറപ്പാട് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തേക്ക്. അവിടെ മേളം കലാശിച്ചശേഷം നടുവില്‍മഠത്തില്‍ ആറാട്ടും ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളത്തും നടക്കും.

പാറമേക്കാവ് ക്ഷേത്രത്തില്‍ രാവിലെ 11.30നായിരുന്നു കൊടിയേറ്റ്. രാവിലെ 11ന് നടക്കുന്ന വലിയപാണിക്കുശേഷം പുറത്തേക്ക് എഴുന്നള്ളിച്ച ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തി. ചെമ്പില്‍ കുട്ടനാശാരി നിര്‍മിച്ച കവുങ്ങിന്‍ കൊടിമരം ആല്‍, മാവ് ഇലകളും ദര്‍ഭപ്പുല്ലും ഉപയോഗിച്ച് അലങ്കരിച്ചു. തുടര്‍ന്ന് സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തിയത്. ഇതിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടികള്‍ ഉയര്‍ത്തി. പാറമേക്കാവ് കാശിനാഥന്‍ ഭഗവതിയുടെ തിടമ്പേറ്റും. തുടര്‍ന്ന് 5 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പ്. ശേഷം വടക്കുന്നാഥ ക്ഷേത്രത്തിലെ ചന്ദ്രപുഷ്‌കരണി തീര്‍ഥക്കുളത്തില്‍ ആറാട്ടും നടക്കും.

26-നാണ് തൃശൂര്‍ പൂരം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനത്തിനു 24ന് തുടക്കമാകും. കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം. പാറമേക്കാവിന്റേത് ക്ഷേത്രം അഗ്രശാലയിലും. ഇരു ചമയ പ്രദര്‍ശനങ്ങളും 25നും തുടരും. 24ന് രാത്രി 7നാണ് സാംപിള്‍ വെടിക്കെട്ട്. 25ന് നെയ്തലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി തെക്കേഗോപുര നടയിലൂടെ പുറത്തിറങ്ങുന്ന പൂരം വിളംബരം ചടങ്ങ്.

പൂരം ദിനമായ 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും. 27ന് പകല്‍ പൂരവും തുടര്‍ന്നു ഉപചാരം ചൊല്ലലും. തൃശൂര്‍ പൂരത്തിന് ആനപ്രേമികളുടെ പ്രിയപ്പെട്ട തൃക്കടവൂര്‍ ശിവരാജു പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഏറ്റവും ഉയരമുള്ള ഗജവീരനാണ് കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയായ ശിവരാജു. രാത്രി പൂരത്തിന് പാറമേക്കാവ് കാശിനാഥനും പിറ്റേന്ന് പകല്‍പൂരത്തിന് എറണാകുളം ശിവകുമാറും ഭഗവതിയുടെ തിടമ്പേറ്റും. തിരുവമ്പാടിക്ക് വേണ്ടി തിടമ്പേറ്റുക തിരുവമ്പാടി ചന്ദ്രശേഖരനാണ്.