03
Sep 2023
Tue
03 Sep 2023 Tue

പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനം ഇന്ന് മുതല്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പുതിയ മന്ദിരത്തിലെ ആദ്യ സമ്മേളനം ഇന്ന് മുതല്‍ നടക്കും. രാവിലെ ഒന്‍പതരയ്ക്ക് പ്രത്യേക ഫോട്ടോ സെഷന് ശേഷം 11 മണിക്ക് പഴയമന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനം ചേരും. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണഘടനയുമായി പഴയ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്ക് നടക്കും. കേന്ദ്രമന്ത്രിമാരും ലോക്‌സഭാംഗങ്ങളും പ്രധാനമന്ത്രിയെ അനുഗമിക്കും.

പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ 2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്.

പുതിയ മന്ദിരത്തില്‍ ഇന്ന് ലോക്‌സഭയും രാജ്യസഭയും ചേരും. ഉച്ചയ്ക്ക് 1.15ന് ലോക്‌സഭയും 2.15ന് രാജ്യസഭയും ചേരും. വനിതാ സംവരണ ബില്‍ അടക്കമുള്ളവ ഇന്നത്തെ യോ?ഗ അജണ്ടയില്‍ ഇല്ല. വരും ദിവസങ്ങളില്‍ എട്ട് ബില്ലുകള്‍ പുതിയ മന്ദിരത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വരെയാണ് സമ്മേളനം നടക്കുന്നത്.

കഴിഞ്ഞ മേയിലാണു പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ത്രികോണാകൃതിയിലുള്ള നാല് നില കെട്ടിടത്തിന് 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ലോക്‌സഭാ ചേമ്പറില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭാ ചേംബറില്‍ 300 അംഗങ്ങള്‍ക്കും ഇരിക്കാന്‍ കഴിയുന്നതാണ് കൂറ്റന്‍ കെട്ടിടം. ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിനായി 1,280 എംപിമാര്‍ക്ക് ലോക്‌സഭാ ചേംബറില്‍ ഒത്തുചേരാം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക