22
Feb 2023
Sun
22 Feb 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: തുടർച്ചയായ ലൈംഗികപീഡനങ്ങളും മർദനവും സഹിക്കാതെ മലയാളി ദമ്പതികൾ തമിഴ്‌നാട്ടിൽ നടത്തുന്ന ആശ്രമത്തിൽ നിന്ന് അന്തേവാസികൾ ഒളിച്ചോടിയ സംഭവത്തിൽ ഉടമകൾ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജുബിൻ ബേബി (45), ഭാര്യ മരിയ (43) എന്നിവരാണ് അറസ്റ്റിലായത്. ഇവരുൾപ്പെടെ ഏഴ് പേർക്കെതിരെ ബലാത്സംഗം, പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പേരെ കാണാതായ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട് ക്രൈംബ്രാഞ്ചിനാണ്.

വില്ലുപുരം അൻപുജ്യോതി ആശ്രമത്തിലെ അന്തേവാസികളെ കാണാനില്ലെന്ന പരാതിയുമായി കൂടുതൽ ബന്ധുക്കൾ രംഗത്തെത്തി. അന്തേവാസികളെ കെട്ടിയിട്ടു പീഡിപ്പിച്ചതായും കുരങ്ങിനെക്കൊണ്ട് ആക്രമിച്ചതായും കണ്ടെത്തിയിരുന്നു. ഇതിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചു. നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള അന്തേവാസികളിൽ നിന്ന് വനിത കമ്മിഷൻ നേരിട്ടു മൊഴിയെടുത്തു. അതിക്രമങ്ങൾ സംബന്ധിച്ച കേസും കാണാനില്ലെന്ന പരാതികളും തമിഴ്‌നാട് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

ബെംഗളൂരു ന്യൂ എആർകെ മിഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിലേക്ക് അയച്ചെന്നു പ്രതികൾ പറഞ്ഞവരിൽ 15 പേരെ കാണാതായെന്ന് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ആശ്രമത്തിൽ ഉണ്ടായിരുന്നവരെ കാണാനില്ലെന്ന പരാതിയുമായി കൂടുതൽ പേർ എത്തുന്നുണ്ട്. ബെംഗളൂരു സ്ഥാപനത്തിലെ ശുചിമുറിയുടെ ജനൽ ചില്ലുകൾ തകർത്ത് അന്തേവാസികൾ കടന്നു കളഞ്ഞതാണെന്നാണു പിടിയിലായവർ മൊഴി നൽകിയത്. ഇക്കാര്യം അന്വേഷിക്കാൻ ബെംഗളൂരു സിറ്റി പോലീസിന് അന്വേഷണ സംഘം കത്ത് നൽകി.

2005 മുതൽ വില്ലുപുരം കുണ്ടലപുലിയൂർ ഗ്രാമത്തിലാണ് നല്ല സമരിയാർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ രജിസ്റ്റർ ചെയ്ത ആശ്രമം പ്രവർത്തിക്കുന്നത്. മാനസിക രോഗികൾ, ഭിന്നശേഷിക്കാർ, നിരാലംബരായ സ്ത്രീകൾ, യാചകർ, മദ്യത്തിന് അടിമപ്പെട്ടവർ എന്നിവരെ പുനഃരധിവസിപ്പിക്കുന്ന സ്ഥാപനമാണെന്നാണ് അറസ്റ്റിലായ ജുബിനും മരിയയും പറയുന്നു. അന്തേവാസികളെ ഭയപ്പെടുത്താനും ആക്രമിക്കാനും രണ്ട് കുരങ്ങുകളെ ഉപയോഗിച്ച ആശ്രമം ഉടമ ജുബിൻ ബേബിക്കെതിരെ 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.