27
Jan 2025
Sun
27 Jan 2025 Sun

കൊല്ലം: കൊല്ലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കൊല്ലം MC റോഡിൽ ചടയമംഗലം കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം ഇന്നലെ 11.30 ഓടെയാണ് അപകടം. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്കേറ്റു. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു യുവാവിന്റെ നില അതീവ ​ഗുരുതരമാണ്. ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് ഇതിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

എതിർ ദിശയിൽ ഓടിക്കൊണ്ടിരുന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് ഡ്രൈവർ പറയുന്നത്. എന്നാൽ ടൂറിസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പ്രതികരിച്ചത്.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം കടയ്ക്കൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Tourist bus hit car in Kollam kills two