ബഗൽകോട്ട്: ‘ലൗ ജിഹാദിന്’ മറുപടിയായി മുസ്‌ലിം പെൺകുട്ടികളെ വലയിൽ വീഴ്ത്താൻ ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്ത് ശ്രീരാമ സേനാ തലവൻ പ്രമോദ് മുത്തലിക്. അങ്ങനെ വലയിലാക്കുന്ന യുവാക്കൾക്ക് ജോലിയും സുരക്ഷയും നൽകുമെന്നും തീവ്രഹിന്ദുത്വ സംഘടനാ നേതാവ് പറഞ്ഞു. കർണാടകയിലെ ബാഗൽകോട്ടിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുത്തലിക്കിന്റെ വിദ്വേഷ പരാമർശം.
|
“നിലവിലെ സാഹചര്യത്തെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധമുണ്ട്. യുവാക്കളെ ഇവിടേക്ക് ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ഹിന്ദു പെൺകുട്ടിയെ നഷ്ടപ്പെട്ടാൽ 10 മുസ്‌ലിം പെൺകുട്ടികളെ കുടുക്കണം. നിങ്ങൾ അങ്ങനെ ചെയ്താൽ, ശ്രീരാമസേന നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും എല്ലാത്തരം സുരക്ഷയും ജോലിയും നൽകുകയും ചെയ്യും“- മുത്തലിക്ക് പറഞ്ഞു.
ലൗ ജിഹാദിന്റെ പേരിൽ ഹിന്ദു പെൺകുട്ടികൾ രാജ്യവ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണ്. ആയിരക്കണക്കിന് പെൺകുട്ടികളാണ് ലൗ ജിഹാദിന്റെ പേരിൽ ചതിക്കപ്പെട്ടത്. അവർക്ക് മുന്നറിയിപ്പ് നൽകേണ്ടതുണ്ടെന്നും മുത്തലിക് പറഞ്ഞു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പിയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന് ഒരാഴ്ച മുമ്പ് മുത്തലിക് സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത ചില ബിജെപി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും മുത്തലിക് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്റെ തീരുമാനം പിൻവലിക്കുന്ന കാര്യം ശ്രീരാമസേനാ നേതാവ് തള്ളി.
അതേസമയം, 109 കേസുകളാണ് മുത്തലിക്കിന്റെ പേരിലുള്ളത്. ഇതിൽ ഭൂരിഭാഗവും ബിജെപി സർക്കാർ കാലത്താണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സ്വന്തം ആളുകൾ ഭരിക്കുമ്പോഴാണ് ഹിന്ദുത്വത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ കൂടുതൽ പ്രയാസം നേരിടേണ്ടിവന്നതെന്ന് മുത്തലിക് പറഞ്ഞു. ബിജെപിയുടേത് കപട ഹിന്ദുത്വമാണെന്നും അതിനെ പിന്തുണച്ചിരുന്നെങ്കിൽ ഇതിനോടകം പലതും നേടിയേനെയെന്നും മുത്തലിക് കൂട്ടിച്ചേർത്തു.



