21
Jan 2025
Tue
21 Jan 2025 Tue
Trump cancels US membership in WHO

47ആം യുഎസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് നിരവധി ഉത്തരവുകളിലാണ് ഒപ്പുവച്ചത്. (Trump cancels US membership in WHO)  അതിലൊന്നാണ് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) യില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിഡ് മഹാമാരിയെ തെറ്റായി കൈകാര്യം ചെയ്തു, അടിയന്തര പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് അമേരിക്ക അംഗത്വം റദ്ദാക്കിയത്. ഡബ്ല്യുഎച്ച്ഒ അമേരിക്കയില്‍ നിന്ന് അന്യായമായി വന്‍തുക ഈടാക്കുന്നുവെന്നും എന്നാല്‍, ചൈനയില്‍ നിന്ന് വളരെ കുറച്ച് തുകയേ വാങ്ങുന്നുള്ളുവെന്നും ട്രംപ് ആരോപിച്ചു.

12 മാസത്തിനുള്ളിലാണ് അമേരിക്ക ഏജന്‍സിയില്‍ നിന്ന് പിന്മാറുക. ഡബ്ല്യുഎച്ച്ഒക്ക് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തും.

ALSO READ: ‘ചെയ്തതിനും കാണിച്ചതിനും എല്ലാം മാപ്പ് ചോദിക്കുന്നു..’ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ വിനായകന്‍

ഡബ്ല്യുഎച്ച്ഒയ്ക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കുന്ന രാജ്യമാണ് അമേരിക്ക. ആകെ ഫണ്ടിങില്‍ 18 ശതമാനവും അമേരിക്കയുടെ വകയാണ്. 2024-2025ല്‍ ഡബ്ല്യുഎച്ച്ഒയുടെ ബജറ്റ് 680 കോടി ഡോളറാണ്.

ഡബ്ല്യുഎച്ച്ഒക്ക് ഫണ്ട് നല്‍കുന്നതില്‍ രണ്ടാം സ്ഥാനത്ത് ബില്‍ ആന്റ് മെലിന്‍ഡ ഫൗണ്ടേഷനാണ്. ഈ തുക ഭൂരിഭാഗവും പോകുന്നത് പോളിയോ നിര്‍മാര്‍ജനത്തിനും ആഗോള വാക്‌സിന്‍ ഗ്രൂപ്പായ ഗവിക്കും ആണ്. യൂറോപ്യന്‍ കമ്മീഷനും ലോക ബാങ്കുമാണ് പിന്നീട് കൂടുതല്‍ ഫണ്ട് നല്‍കുന്ന ഏജന്‍സികള്‍.

അമേരിക്കയുടെ തീരുമാനത്തിനെതിരേ ആരോഗ്യ വിദഗ്ധരില്‍ നിന്ന് വലിയ വിമര്‍ശനമാണ് ഉയരുന്നത്. ലോകാരോഗ്യ മേഖലയ്ക്കു തിരിച്ചടിയാണ് ഈ തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒയിലെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഇത് അമേരിക്കയ്ക്ക് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. സുപ്രധാന ആരോഗ്യ വിഷയങ്ങളില്‍ സ്വധീനം ചെലുത്തുന്നതിന് ഇനി മുതല്‍ അമേരിക്കയ്ക്ക് സാധിക്കാതാവും. ഭാവിയില്‍ വരുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനുള്ള സുപ്രധാന വിവരങ്ങള്‍ പലതും അമേരിക്കയ്ക്ക് ലഭിക്കാതാവുമെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കയുടെ പിന്മാറ്റത്തോടെ ഡബ്ല്യുഎച്ച്ഒയുടെ പല പദ്ധതികളും താളം തെറ്റും. ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്ത ക്ഷയം, എയ്ഡ്‌സ് തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരായ പദ്ധതികളെ ഇത് കാര്യമായി ബാധിക്കും.