19
Aug 2025
Thu
19 Aug 2025 Thu
TTC student's suicide: Police say no case can be filed for forced conversion

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ റിമാന്‍ഡിലായ പറവൂര്‍ ആലങ്ങാട് പാനായിക്കുളം പുതിയ റോഡ് കാഞ്ഞിരപ്പറമ്പ് തോപ്പില്‍ പറമ്പില്‍ റമീസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനാകില്ലെന്ന് പൊലീസ്. റമീസിനെ കൂടുതല്‍ തെളിവെടുപ്പിനായി ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. റമീസിന്റെ കുടുംബാംഗങ്ങളെ ഇതുവരെ അന്വേഷണസംഘത്തിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കേസ് എടുക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് പൊലീസ് നിലപാട്. മതം മാറ്റിയ ശേഷം ചൂഷണം ചെയ്യാനോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ ഉപയോഗിക്കുകയുമായിരുന്നു റമീസിന്റെ ലക്ഷ്യമെന്ന് കണ്ടെത്തിയാലേ ഇക്കാര്യത്തില്‍ കേസ് എടുക്കാനാകൂ. അന്വേഷണം പുരോഗമിക്കുമ്പോള്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് തീരുമാനമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

റമീസ് പിടിയിലായതിന് പിന്നാലെ വീടുപൂട്ടി മാതാപിതാക്കള്‍ ഒളിവില്‍ പോയതയാണ് പോലീസിന് വിവരം ലഭിച്ചത്. ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തിനെയും കണ്ടെത്താനായിട്ടില്ല. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസില്‍ പ്രതി ചേര്‍ക്കും. എന്നാല്‍ ഇവര്‍ക്കെതിരെ ഏതു വകുപ്പ് ആണ് ചുമത്തുകയെന്നതില്‍ പോലീസിന് ആശയക്കുഴപ്പമുണ്ട്.

ടിടിസി വിദ്യാര്‍ഥിനി സോന(23) ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനായ റമീസിനെതിരേ ആത്മഹത്യപ്രേരണാ കുറ്റം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

നെടുമ്പാശേരി വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരനായ റമീസും സോനയും പ്രണയത്തിലായിരുന്നു. കഴിഞ്ഞമാസം സോന വീടുവിട്ടിറങ്ങി റമീസിനൊപ്പം പോയിരുന്നു. പഠനശേഷം വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍ റമീസിന്റെ വീട്ടുകാര്‍ മതം മാറണമെന്ന ആവശ്യം സോനയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുള്ളത്. ഇക്കാര്യം ആവശ്യപ്പെട്ട് യുവതിയെ മര്‍ദ്ദിച്ചിരുന്നുവെന്നുമാണ് കുറിപ്പിലുള്ളത്.

മതം മാറാന്‍ തയ്യാറാണെന്നും എന്നാല്‍ വിവാഹാനന്തരം ഇരുവരും തനിച്ച് താമസിക്കണമെന്നായിരുന്നു സോനയുടെ ആവശ്യം. മാറിത്താമസിക്കാന്‍ കഴിയില്ലെന്നും മാതപിതാക്കള്‍ക്കൊപ്പം നില്‍ക്കണമെന്നുമായിരുന്നു റമീസിന്റെ നിലപാട്. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും സോന സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. സോന പിന്നീട് റമീസിന്റെ ഫോണിലേക്ക് മെസേജ് അയച്ചെങ്കിലും സോനയെ റമീസ് ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് റമീസിന്റെ മാതാവിന്റെ ഫോണിലേക്ക് ആത്മഹത്യ സന്ദേശം അയച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ സംഘ്പരിവാര്‍ തീവ്ര വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ്. മതംമാറ്റവും തീവ്രവാദവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കേസിന് പിന്നിലുണ്ടെന്നാണ് സംഘ്പരിവാര്‍ വാദം. വിദ്യാര്‍ഥിനിയുടെ വീട് കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്‍, സുരേഷ് ഗോപി എന്നിവര്‍ സന്ദര്‍ശിച്ചു. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന ആവശ്യം കുടുംബാംഗങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.

TTC student’s suicide: Police say no case can be filed for forced conversion; Rameez’s parents absconding

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക