കണ്ണൂര്‍ പാനൂര്‍ മൂളിയാത്തോട് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ് വലിയപറമ്പത്ത്, ഷെറിന്‍ കാട്ടിന്റവടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിനീഷിന്റെ രണ്ടു കൈപ്പത്തികളും സ്‌ഫോടനത്തില്‍ തകര്‍ന്നു. ഷെറിന്റെ മുഖത്താണ് പരിക്ക്. വെള്ളി പുലര്‍ച്ചെ ഒന്നോടെയായിരുന്നു സ്‌ഫോടനം.(two CPIM workers injured in bomb blast during making)
|
വിനീഷിന്റെ വീടിന്റെ സമീപത്തുള്ള ഇഷ്ടികനിര്‍മാണസ്ഥലത്ത് ബോംബ് നിര്‍മിക്കുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഇരുവരെയു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് വിവരം.
അതേസമയം കഴിഞ്ഞദിവസം തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് 17കാരന്റെ കൈപ്പത്തികള്‍ നഷ്ടമായിരുന്നു. സംഘത്തിലെ മറ്റംഗങ്ങളായ അനിജിത്ത്, അഖിലേഷ്, കിരണ്‍ എന്നിവരുടെ കൈപ്പത്തികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
സ്ഫോടനത്തിന് പിന്നാലെ യുവാക്കള്‍ ഓട്ടോറിക്ഷ വിളിച്ചാണ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലേക്കു പോയത്. പാചകവാതകം ചോര്‍ന്ന് തീപിടിച്ച് പൊള്ളലേറ്റുവെന്നാണ് ഓട്ടോഡ്രൈവറോട് ഇവര്‍ പറഞ്ഞത്. പിന്നീട് സ്‌ഫോടനശബ്ദം കേട്ട് എത്തിയവരാണ് വിവരം മണ്ണന്തല പോലീസില്‍ അറിയിച്ചത്. വിശദമായ അന്വേഷണത്തിനൊടുവില്‍ നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവര്‍ക്കെതിരെ മോഷണം, കഞ്ചാവ് വില്‍പ്പന, പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം, സ്ഫോടക വസതു നിയമവിരുദ്ധമായി കൈകാര്യം ചെയ്യല്‍ അടക്കമുള്ള കേസുകള്‍ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തില്‍ പോലീസിനെ ആക്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു പ്രതികളെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.
എന്നാല്‍ ഈ ബോംബ് നിര്‍മാണത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. ‘തിരുവനന്തപുരത്ത് ഇന്നലെ ഒരു സംഘ പുത്രന്‍ കൈദാനി ആയിട്ടുണ്ട്. എന്തേ സംഘികള്‍ ഇങ്ങനെ നശിക്കുമ്പോള്‍ ടീച്ചര്‍ക്ക് വിഷമമില്ലേ?” എന്നായിരുന്നു ചോദ്യം. ”ആണോ? നന്നായി, അമ്പലനടയില്‍ കെട്ടിത്തൂക്കി പച്ചക്ക് കത്തിക്കാന്‍ വരുന്നവനെ നേരിടണമല്ലോ?” എന്നാണ് ശശികല ഇതിന് മറുപടി പറയുന്നത്. സ്‌കൂള്‍കുട്ടികളുടെ ധാര്‍മികബോധം ഇല്ലാതാകുന്നത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്‌ഫോടനത്തക്കുറിച്ച് ചോദിച്ച ഒരു കമന്റിന് മറുപടിയായാണ് ശശികലയുടെ പ്രതികരണം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





