വിമുക്ത ഭടന്റെ ഭാര്യയടക്കം രണ്ട് യുവതികളെ നഗ്നരാക്കി നടത്തിച്ച ദിവസം തന്നെ മണിപ്പൂരിൽ രണ്ടു യുവതികളെ ബലാൽസംഗം ചെയ്തു കൊന്നുവെന്ന വിവരം പുറത്ത്. ഇംഫാലിൽ കാർ വാഷ് സെന്ററിൽ ജോലി ചെയ്തിരുന്ന രണ്ടു യുവതികളെയാണ് അക്രമികൾ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
|
ക്രൂരമായ ബലാൽസംഗത്തിനിരയായ 21ഉം 24ഉം വയസ്സുള്ള യുവതികളാണ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്. കാങ്‌പോക്പി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ടവരായിരുന്നു കൊല്ലപ്പെട്ട യുവതികൾ. ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് വലിച്ചിറക്കിയാണ് മെയ്തി അക്രമികൾ ഇവരെ ബലാൽസംഗം ചെയ്തത്.
കൊല്ലപ്പെട്ട ഇരുപത്തിയൊന്നുകാരിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈകുൾ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. എന്നാൽ ഏകദേശം ഒരു മാസത്തിനുശേഷമാണ് സംഭവം നടന്ന ഇംഫാൽ ഈസ്റ്റിലെ പോരമ്പത്ത് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും 21 വയസ്സുകാരിയുടെ ബന്ധുക്കൾ പറഞ്ഞു.
ഒരേ ഗ്രാമത്തിൽനിന്നുള്ള രണ്ടു യുവതികളും നഗരത്തിൽ ഒരുമിച്ച് വാടകയ്ക്ക് താമസിക്കുകയുമായിരുന്നു. ക്രൂരമായ അതിക്രമത്തിന് ഇരയായ യുവതികളെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് കണ്ടെന്നാണ് അവരുടെ സുഹൃത്തിന്റെ വെളിപ്പെടുത്തൽ. പിറ്റേ ദിവസം ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ അവർ മരിച്ചെന്നാണ് വിവരം ലഭിച്ചതെന്നും സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നതിനാൽ അതിക്രമസംഭവങ്ങളിലേറെയും പുറംലോകം അറിയുന്നുണ്ടായിരുന്നില്ല. യുവതികളെ നഗ്നരാക്കി നടത്തിക്കുകയും ഇവരെ അക്രമികൾ അപമാനിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നപ്പോൾ രാജ്യവ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു ശേഷം മാത്രമാണ് അക്രമികൾക്കെതിരേ നടപടി എടുക്കാൻ പൊലീസ് തയ്യാറായത് പോലും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





